കൊച്ചി: ജയിക്കാനും പറ്റിയില്ല. ചിരവൈരികളെ കീഴ്‌പ്പെടുത്താനും ! ഐ.എസ്.എൽ പ്ലേ ഓഫ് സാദ്ധ്യത നിലനിറുത്താൻ ജയം അനിവാര്യമായ മത്സരത്തിൽ, ഇന്നലെ സ്വന്തം തട്ടകത്തിൽ തവിടുപൊടിയായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. എതിരില്ലാതെ മൂന്ന് ഗോളിന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാൻ സൂപ്പർ ജെയന്റ്സിന് മുന്നിൽ വീണ്ടും മുട്ടുകുത്തി.
ബഗാനായി ജാമി മക്ലാരൻ (28,41) ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ ആൽബർട്ടോ റോഡ്രിഗസും (66) ഒരുഗോൾ നേടി. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് തുടരുകയാണ്. പ്ലേ ഓഫിലെത്താൻ ശേശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സിന് ഇനി വിജയം അനിവാര്യം .22ന് ഗോവയ്ക്ക് എതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ മോഹൻ ബഗാനെ വിറപ്പിച്ചുകൊണ്ട് തുടങ്ങിയ കേരളബ്ലാസ്റ്റേഴ്‌സ്, പത്താംമിനിട്ടിൽ തന്നെ സന്ദർശകരുടെ നെഞ്ചിൽ തീകോരിയിട്ടു. ബോക്‌സിന് വെളിയിൽ നിന്ന് സ്പാനിഷ് മുന്നേറ്റതാരം ജീസസ് ജെമിനിസിന്റെ അളന്നുകുറിച്ചുള്ള പാസ് കോറു സിംഗിന്റെ കാലിൽ. ക്ലോസ് റേഞ്ചിൽ ശക്തികുറഞ്ഞ ഷോട്ട് ബഗാൻ ഗോളി വിശാൽ കെയ്ത് തട്ടിത്തെറിപ്പിച്ചു. അപകടം ഒഴിഞ്ഞില്ല. പന്ത് വീണ്ടു കോറുസിംഗിന്റെ കാലിൽ. ഗോളിനായുള്ള കോറുവിന്റെ രണ്ടാം ശ്രമവും തടഞ്ഞ് വിശാൽ ബഗാന് രക്ഷാകവചമൊരുക്കി. തിരിച്ചടിക്കുള്ള വങ്കനാട്ടുകാരുടെ ശ്രമം ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിൻസുരേഷിന്റെ കൈകളിലൊതുങ്ങി. പിന്നീട് മൈതാനം കണ്ടത് ബ്ലാസ്റ്റേഴ്‌സിന്റെ മിന്നൽകുതിപ്പുകൾ. പക്ഷേ ഷോട്ടുകളെല്ലാം പോസ്റ്റിനെ തൊട്ടുരുമി പുറത്തേയ്ക്ക് പോയി.
28ാം മിനിട്ടിൽ ഗാലറിയെ മൂകമാക്കി ബഗാൻ ലീഡെടുത്തു. വലതുവിംഗിലൂടെ പന്തുമായി കുതിച്ച മദ്ധ്യനിരതാരം ലിസ്റ്റൻ കൊളാകോയെ തടയാനുള്ള ശ്രമം വിഫലം. പോസ്റ്റിന് വലതുമൂലയിൽ നിന്ന് കൊളാകോ നീട്ടിനൽകിയ പന്തിൽ ജാമി മക്ലാരന്റെ ഇടംകാൽ ടച്ച്. സച്ചിനെ നിഷ്‌പ്രഭനാക്കി പന്ത് വലയിൽ. അതോടെ കളംനിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് കളിമറന്നു. 41ാം മിനിട്ടിൽ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും മക്ലാരൻ പ്രഹരം. ഗോൾ കിക്ക് ഹെഡ്‌ചെയ്ത് അനുകൂലമാക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. പന്ത് പക്ഷേ മക്ലാരന്റെ കാലിൽ. മക്ലാരൻ ജാസൻ കമ്മിംഗ്‌സിന് കൈമാറി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധപ്പാളിച്ച തിരിച്ചറിഞ്ഞ ജാസൻ, ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്തിൽ ഉയർന്നുചാടിയുള്ള മക്ലാരന്റെ കിക്ക്. പന്ത് സച്ചിന്റെ തലയ്ക്ക് മുകളിലൂടെ വലയിൽ.
തിരിച്ചടിച്ച് മത്സരം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സും ഗോളുകൾ ഉയർത്താൻ മോഹൻ ബഗാനും കച്ചമുറുക്കിയതോടെ രണ്ടാം പകുതിയിലും ആവേശംകെട്ടില്ല. 66ാം മിനിട്ടിൽ സ്‌പെയിൻ താരം ആൽബർട്ടോ റോഡ്രിഗസിലൂടെ ബഗാന്റെ മൂന്നാം ഗോൾ. ദീപക് തെഹ്രിയെടുത്ത ഫ്രീക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ദീപക് തെഹ്രിയുടെ കിക്ക് പ്രതിരോധമതിലിൽ തട്ടി അൽബർട്ടോയുടെ കാലിൽ. ലക്ഷ്യത്തിലേക്കുള്ള സ്പാനിൽ താരത്തിന്റെ ഷോട്ട് പ്രതിരോധത്തിൽ തട്ടിത്തെറിച്ചെങ്കിലും പന്ത് വീണ്ടും ആൽബർട്ടോയുടെ കാലിനരികിൽ. രണ്ടാം ശ്രമത്തിൽ ലക്ഷ്യംതെറ്റിയില്ല. ബ്ലാസ്റ്റേഴ്‌സ് തോൽവി ഉറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |