ന്യൂഡൽഹി: മഹാകുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. 11 സ്ത്രീകൾ, മൂന്ന് പുരുഷന്മാർ, നാല് കുട്ടികളുമാണ് മരിച്ചെന്നാണ് റിപ്പോർട്ട്. അൻപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
രാത്രി പത്തുമണിയോടെയായിരുന്നു അപകടം. പ്രയാഗ്‌രാജ് എക്സ്‌പ്രസിൽ പോകാനായി ആയിരക്കണക്കിന് തീർത്ഥാടകരാണ് രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. ഇതിനിടെ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എക്സ്‌പ്രസുകൾ വൈകി. ഇതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വൻ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമെന്ന് പറഞ്ഞ പ്രധാനമന്ത്രി അധികൃതർ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. റെയിൽവേ മന്ത്രിയുമായി സംസാരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ഉടൻ അന്വേഷണം നടത്താൻനിർദേശം നൽകിയതായി ഡൽഹി ലഫ്. ഗവർണർ വി കെ സക്‌സേന അറിയിച്ചു. അടിയന്തര നടപടി കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിയോടും കമ്മിഷണറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാൻ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കും. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |