ലക്‌നൗ: ചോദിച്ച സ്ത്രീധനം നൽകാത്തതിനെത്തുടർന്ന് മകളെ ഭർത്താവും ബന്ധുക്കളും ചേർന്ന് എച്ച് ഐ വി അടങ്ങിയ സിറിഞ്ചുകൊണ്ട് കുത്തിവച്ചെന്ന് പരാതി. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. കോടതിയുടെ ഉത്തരവിനെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2023ലായിരുന്നു യുവതിയുടെ വിവാഹം. ഹരിദ്വാറിൽ നിന്നുള്ള നാഥിറാം സൈനിയുടെ മകൻ സച്ചിനായിരുന്നു വരൻ. കാറും പതിനഞ്ചുലക്ഷം രൂപയുമാണ് സ്ത്രീധനമായി നൽകിയത്. കുറച്ചുനാൾ കുഴപ്പമൊന്നും ഇല്ലാതെ പോയെങ്കിലും തുടർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുതുടങ്ങി. സ്കോർപിയോ കാറും 25 ലക്ഷം രൂപയും സ്ത്രീധനമായി വേണമെന്നതായിരുന്നു വരന്റെയും വീട്ടുകാരുടെയും ആവശ്യം. എന്നാൽ ഇത് നൽകാൻ യുവതിയുടെ വീട്ടുകാർ തയ്യാറായില്ല. ഇതോടെ യുവതിയെ ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറക്കിവിട്ടു.
പിന്നീട് ഗ്രാമപഞ്ചായത്ത് ഇടപെട്ട് യുവതിയെ തിരികെ ഭർത്താവിന്റെ വീട്ടിൽ പ്രവേശിപ്പിച്ചു. മാനസിക പീഡനത്തിനൊപ്പം ശാരീരിക പീഡനവും ഇതേത്തുടർന്ന് അനുഭവിക്കേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നു. പലപ്പോഴും അകാരണമായി തല്ലാറുണ്ടായിരുന്നു. ഇതിനിടെയാണ് എച്ച്ഐവി അടങ്ങിയ സിറിഞ്ചുകൊണ്ട് കുത്തിവച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
അടുത്തിടെ യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് എച്ച്ഐവി ബാധിതയാണെന്ന് അറിഞ്ഞത്. ഭർത്താവിനെ പരിശോധിച്ചെങ്കിലും അയാൾ നെഗറ്റീവായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെത്തുടർന്ന് യുവതിയുടെ ഭർത്താവ്, അയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |