തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വാഴ്ത്തിയുളള ലേഖനത്തിൽ വീണ്ടും വിശദീകരണവുമായി ശശി തരൂർ എംപി. കേരളത്തിലെ ഒരു എംപി എന്ന നിലയിൽ സ്റ്റാർട്ടപ്പ് മേഖലയിലുണ്ടായ വളർച്ചയെക്കുറിച്ച് മാത്രമാണ് ലേഖനത്തിൽ വിശദീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മിഷൻ ആരംഭിച്ചതിന് പിന്നിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
പിണറായി സർക്കാർ സൃഷ്ടിച്ച മികച്ച വ്യവസായ അന്തരീക്ഷത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെയും കുറിച്ച് ശശി തരൂർ ഒരു ലേഖനത്തിൽ വിശദീകരിച്ചിരുന്നു. ഇതോടെ സംസ്ഥാന നേതാക്കൾ അദ്ദേഹത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ശശി തരൂരിനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് ശശി തരൂർ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ശശി തരൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യൻ എക്സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്പം അതിശയിപ്പിച്ചു. ഞാൻ ഈ ലേഖനം കേരളത്തിലെ ഒരു എംപി എന്ന നിലയിൽ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് എഴുതിയത് . സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റം എന്നത് മാത്രം- ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ തന്നെ ഇതിന് തുടക്കം കുറിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് ഞാൻ അഭിമാനത്തോടെ പറയാൻ ഈ അവസരം വിനിയോഗിക്കുന്നു.
സ്റ്റാർട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് മിഷനെയും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സർക്കാർ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.എന്നാൽ, എന്റെ ലേഖനം കേരളത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. പല വട്ടം ഞാൻ പറഞ്ഞതുപോലെ, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് – ഉയർന്ന തൊഴിൽക്ഷാമം, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള യുവാക്കളുടെ വിദേശത്തേയ്ക്കുള്ള പ്രവാസം, കൃഷി മേഖലയിലെ പ്രതിസന്ധി (റബ്ബർ, കശുമാവ്, റബ്ബർ മുതലായ മേഖലകളിൽ),
കൂടാതെ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയർന്ന കടബാദ്ധ്യതയും എന്നിവ ഉൾപ്പെടെ. ഇതൊക്കെ പരിഹരിക്കാൻ ഏറെ സമയം വേണ്ടിയിരിയ്ക്കുന്നു. എന്നാൽ, എവിടെയെങ്കിലും ഒരു മേഖലയെങ്കിൽ ആശാവഹമായ ഒരു മാറ്റം കാണുമ്പോൾ അതിനെ അംഗീകരിക്കാതിരിക്കുക ചെറുതായിരിക്കും.ഞാൻ ലേഖനം എഴുതിയതിന്റെ അടിസ്ഥാനമായത് 2024 ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് ആണ്; അതിൽ നിന്നുള്ള കണക്കുകളും വിവരങ്ങളും ചേർത്ത് തന്നെയാണ് എന്റെ ആശയവിനിമയം.
അവസാനമായി ഒരു അഭ്യർത്ഥന: ലേഖനം വായിച്ചിട്ട് മാത്രമേ അഭിപ്രായമൊന്നും പറയാവൂ! പാർട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതിൽ ഇല്ല, കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി കേരളത്തിലെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് തന്നെയാണ് പലതവണ ഞാൻ പറഞ്ഞിട്ടുള്ളതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |