ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന് അമേരിക്കയിൽ പിടിയിലായ ഇന്ത്യക്കാരെ കാലിൽ ചങ്ങലയിട്ടും കൈവിലങ്ങണിയിച്ചും ഇന്ത്യയിലെത്തിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആ പ്രതിഷേധത്തിന് പുല്ലുവില കൽപ്പിച്ച് വീണ്ടും കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമണിച്ചാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതെന്ന് റിപ്പോർട്ട്. ഇന്ത്യയിലെത്തിച്ചശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ചുമാറ്റിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഫ്രണ്ടായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ സന്ദർശനം നടത്തുമ്പോഴാണ് സ്വന്തം നാട്ടുകാർക്ക് വീണ്ടും കൊടുംകുറ്റവാളികൾക്ക് സമാനമായ ഗതിയുണ്ടായത്. തങ്ങളുടെ നാട്ടുകാരെ വിലങ്ങണിയിച്ച് എത്തിച്ചതിനെ ബ്രസീൽ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ കടുത്ത പ്രതിഷേധം അറിയിച്ചതോടെ ശേഷിക്കുന്നവരെ മാന്യമായി യാത്രാ വിമാനത്തിലാണ് സ്വദേശങ്ങളിലെത്തിച്ചത്.
ആദ്യസംഘം കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോൾ കൈവിലങ്ങും ചങ്ങലയും അണിയിച്ചത് പാർലമെന്റിലടക്കം ചർച്ചയായതോടെ കുടിയേറ്റക്കാരോട് അനുഭാവ പൂർണമായ സമീപനം ഉണ്ടാവണമെന്ന ആവശ്യവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ അമേരിക്കൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യക്കാരെ മോശക്കാരെന്ന രീതിയിൽ കൊണ്ടുവരുന്നത് തടയാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പും നൽകിയിരുന്നു. മാേദി ട്രംപിന്റെ വിരുന്നുകാരനായി അമേരിക്കയിലെത്തുകയും പ്രതിരോധ ഇടപാടുകളിലടക്കം ചർച്ചകൾ നടത്തുകയും ചെയ്തോടെ ഇന്ത്യക്കാരെ മാന്യമായി നാട്ടിലെത്തിക്കുമെന്ന് എല്ലാവരും കരുതി. 'മൈ ഫ്രണ്ട്' എന്നാണ് മോദിയെ ട്രംപ് വിശേഷിപ്പിച്ചതും. അനധികൃതമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ തയ്യാറാണെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ മോദിയുടെ സന്ദർശനത്തിനിടയിലും നാടുകടത്തൽ രീതിയിൽ തങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പിടിയിലായ ഇന്ത്യക്കാരെ അമേരിക്ക വിലങ്ങണിയിച്ച് ഇന്ത്യയിലെത്തിച്ചത്. ഇന്നലെ രാത്രി അമേരിക്കൻ വ്യോമസേനയുടെ വിമാനത്തിൽ 119 പേരെ ഇന്ത്യയിലെത്തിയത്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇവരെ സ്വീകരിച്ചു.
ഇന്ത്യക്കാരെ വീണ്ടും വിലങ്ങണിയിച്ച് എത്തിച്ചതിനെ കടുത്ത ഭാഷയിലാണ് ഭഗവന്ത് മാൻ പ്രതികരിച്ചത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുകയും ചെയ്തു. 'മോദി തന്റെ സുഹൃത്ത് ഡൊണാൾഡ് ട്രംപുമായി കൈ കുലുക്കുമ്പോൾ, ഇന്ത്യൻ പൗരന്മാരെ സൈനിക വിമാനത്തിൽ ചങ്ങലയിട്ട് നാടുകടത്തുകയായിരുന്നു. ചങ്ങലയിട്ട ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് മോദിക്കുള്ള ട്രംപിന്റെ മടക്ക സമ്മാനമാണ്'-അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |