പോത്തൻകോട്: ചരിത്രാതീതകാലത്തെ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന മടവൂർപാറ ടൂറിസം കേന്ദ്രം അവഗണനയിൽ. നവീകരണ വികസന പ്രവൃത്തികൾ രേഖകളിൽ മാത്രമൊതുക്കി പദ്ധതി പ്രദേശത്തെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
മടവൂർപാറ വിനോദസഞ്ചാര കേന്ദ്രം സമഗ്ര ടൂറിസം വികസനത്തിന്റെ ഭാഗമായി 1.28 ഏക്കർ ഭൂമിയേറ്റെടുക്കാൻ സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.തുടർന്ന് സ്ഥലയുടമകളിൽ നിന്ന് രേഖകൾ വാങ്ങുകയും ഭൂമി വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം നൽകാനായി 3 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ നഷ്ടപരിഹാരം നൽകുന്നതിന് തൊട്ടുമുൻപായി ഭൂമിയേറ്റെടുക്കലിൽ നിന്ന് സർക്കാർ പിൻവാങ്ങി.നോട്ടിഫിക്കേഷൻ റദ്ദാക്കി സർക്കാർ വിജ്ഞാപനമിറക്കുകയും ചെയ്തതോടെയാണ് വികസന പദ്ധതികൾ നിലച്ചത്.
ടൂറിസം കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമുള്ള ഒൻപതു പേരുടെ ഭൂമിയാണ് ഏറ്റെടുക്കാൻ നേരത്ത ധാരണയായത്. മടവൂർപാറ വികസനം അടിയന്തരമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മടവൂർപാറ
ചരിത്രവും ഐതിഹ്യവും കൈകോർത്തുകിടക്കുന്നു
എ.ഡി 850ൽ നിർമ്മിച്ചതാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു
12 നൂറ്റാണ്ടിലേറെ പഴക്കമുള്ള മടവൂർപാറ ഗുഹാ ക്ഷേത്രവും പരിസരവും പുരാവസ്തു സംരക്ഷിത സ്മാരകമാണ്
സമുദ്രനിരപ്പിൽ നിന്ന് 750 അടിയുയരത്തിൽ സ്ഥിതിചെയ്യുന്നു
പാറയുടെ നെറുകയിൽ നിന്ന് നോക്കിയാൽ കിഴക്ക് സഹ്യപർവതവും പടിഞ്ഞാറ് അറബിക്കടലും കാണാം
നിരവധിപേരാണ് ഇവിടെ അസ്തമയ സൂര്യന്റെ വശ്യസൗന്ദര്യം ആസ്വദിക്കാനെത്തുന്നത്
1960ലെ പുരാവസ്തു സംരക്ഷണ നിയമപ്രകാരം 1974 ലാണ് മടവൂർപാറയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |