ഓഹരി വിപണിയിലെ തകർച്ചയിൽ ആശങ്ക
കൊച്ചി: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ എട്ടു ദിവസങ്ങളിലും നഷ്‌ടം നേരിട്ടതോടെ ആഭ്യന്തര നിക്ഷേപകർ കരുതൽ ശക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പാരസ്പര തീരുവ(റെസിപ്രോക്കൽ താരീഫ്) ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കമാണ് വിപണിക്ക് ഏറ്റവും വലിയ വെല്ലുവിളി. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വൻതോതിൽ വിറ്റുമാറിയതാണ് നിക്ഷേപകർക്ക് കനത്ത നഷ്‌ടം സൃഷ്‌ടിച്ചത്. കഴിഞ്ഞ വാരം സെൻസെക്സ് 1,920.98 പോയിന്റും നിഫ്‌റ്റി 630.7 പോയിന്റുമാണ് ഇടിഞ്ഞത്. കഴിഞ്ഞ എട്ടു ദിവസങ്ങളിൽ ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ(ബി.എസ്.ഇ) ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 25.32 ലക്ഷം കോടി രൂപ ഇടിഞ്ഞ് 400 ലക്ഷം കോടി രൂപയിലെത്തി.
ഡിസംബർ 11ന് ശേഷം ചെറുകിട ഓഹരി സൂചിക 21.6 ശതമാനവും ഇടത്തരം ഓഹരി സൂചിക 18.4 ശതമാനവുമാണ് ഇടിഞ്ഞത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്ന വിഷയത്തിൽ നൽകുന്ന സൂചനകളും വിപണിയുടെ നീക്കത്തെ സ്വാധീനിച്ചേക്കും.
ആശ്വാസ റാലിക്ക് സാദ്ധ്യത
എല്ലാ രാജ്യങ്ങളിലെയും ഉത്പന്നങ്ങൾക്ക് പാരസ്പര്യ തീരുവ ഏർപ്പെടുത്താനുള്ള നീക്കം വൈകുമെന്ന സൂചന ലഭിച്ചതോടെ നടപ്പുവാരം ഇന്ത്യൻ ഓഹരി വിപണി ശക്തമായി തിരിച്ചുകയറിയേക്കും. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികൾ വിപണിക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തുന്നത്. പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും ഇന്ത്യൻ ഓഹരികൾക്ക് ഗുണമായേക്കും.
വെല്ലുവിളി സൃഷ്ടിക്കുന്നത്
1. ഇന്ത്യയിൽ നിന്ന് ഇറക്കുമതി നടത്തുന്ന ഉത്പന്നങ്ങൾക്ക് അമേരിക്ക പാരസ്പര്യ തീരുവ ഏർപ്പെടുത്തിയാൽ ഇന്ത്യൻ കമ്പനികൾ വലിയ തിരിച്ചടി നേരിടും
2. ഡോളറിനെതിരെ രൂപയുടെ കുത്തനെ ഇടിയുന്നതിനാൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ വലിയ തോതിൽ വിറ്റുമാറുന്നു
3. ഇന്ത്യൻ കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലും പ്രതീക്ഷിച്ച വളർച്ചയുണ്ടാകാത്തതും നിക്ഷേപകരെ നിരാശരാക്കുന്നു
നടപ്പുവർഷം ഇതുവരെ വിദേശ നിക്ഷേപകർ പിൻവലിച്ചത്
85,300 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |