ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ നാളെ നിശ്ചയിച്ചിരുന്ന നിയമസഭാ കക്ഷിയോഗം വീണ്ടും മാറ്റിവച്ചു. നാളെ വൈകിട്ട് മൂന്നിനാണ് പാർട്ടി നിയമസഭാ കക്ഷിയോഗം തീരുമാനിച്ചിരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം യോഗം ചൊവ്വാഴ്ച നടന്നേക്കും എന്നാണ് വിവരം.
അതേസമയം മുഖ്യമന്ത്രിക്ക് പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്നത് ബി.ജെ.പി പരിഗണിക്കുന്നതായി സൂചനയുണ്ട്. ഒൻപതംഗ മന്ത്രിസഭ വരുമെന്നാണ് സൂചന. ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താനാണ്നേതൃത്വം ആലോചിക്കുന്നത്.ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനെ തറപറ്റിച്ച പർവേഷ് സാഹിബ് സിംഗ് വെർമയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോഴും പ്രഥമ പരിഗണനയിൽ. വിജേന്ദർ ഗുപ്ത, രേഖ ഗുപ്ത, അജയ് മഹാവർ, പവൻ ശർമ്മ, സതീഷ് ഉപാദ്ധ്യായ, മൻജീന്ദർ സിംഗ് സിർസ, അരവിന്ദർ സിംഗ് ലവ്ലി, രാജ്കുമാർ ചൗഹാൻ, ശിഖാ റായ് എന്നിവരുടെ പേരുകളും സജീവമാണ്.
ജാതി സമവാക്യം, ക്ലീൻ ഇമേജ്, പരമാവധി 55 വയസ്, സംഘടനാ പാടവവും അനുഭവപരിചയവും എന്നിവ കണക്കിലെടുത്തായിരിക്കും തീരുമാനം. അതിനിടെ യമുന നദി ശുചീകരണ യജ്ഞത്തിനും ഇന്നലെ തുടക്കമായി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി ഉയർത്തിയ വിഷയമായിരുന്നു. അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ. മൂന്നു വർഷം കൊണ്ട് യമുനയെ വീണ്ടെടുക്കുകയെന്നതാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |