ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിൽ റെയിൽവേയെയും പൊലീസിനെയും കുറ്റപ്പെടുത്തി യാത്രക്കാർ.
വാരാന്ത്യത്തിലെ തിരക്ക് കണക്കിലെടുത്ത് സംവിധാനങ്ങൾ ഒരുക്കാൻ റെയിൽവേക്കും ഡൽഹി പൊലീസിനും കഴിഞ്ഞില്ലെന്ന് യാത്രക്കാർ പ്രതികരിച്ചു.
പ്രയാഗ്‌രാജിലേക്കുള്ള ട്രെയിൻ പിടിക്കാൻ ആയിരങ്ങളാണ് ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയത്. ഓവർബ്രിഡ്‌ജിലും മറ്റുമായി ഒരിഞ്ച് നീങ്ങാൻ കഴിയാതെ കുരുങ്ങി. തിരക്ക് നിയന്ത്രണാതീതമായതോടെ ഒട്ടേറെ പേർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. ചിലർ തലചുറ്റി വീണു. ഇതിനിടെയാണ് രാത്രി ഒൻപതരയോടെ ദുരന്തമുണ്ടായത്.
തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുണ്ടായിരുന്നില്ല. ദുരന്തം സംഭവിച്ചശേഷം രാത്രി 9.50നാണ് ഡൽഹി പൊലീസിനെ അധികൃതർ വിളിക്കുന്നത്.
ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നില്ല. രക്ഷാപ്രവർത്തനം വൈകിയെന്നും ആരോപണമുയർന്നു. സമയത്തിന് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ പലരും രക്ഷപ്പെടുമായിരുന്നുവെന്ന് ദൃക്ഷ്സാക്ഷികൾ പറഞ്ഞു.
കാലിൽ പരിക്കേറ്റ ഒട്ടേറെ പേരാണ് ലോക്‌നായക് ജയ്‌പ്രകാശ് (എൽ.എൻ.ജെ.പി) ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരിൽ എല്ലു പൊട്ടിയവരുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നിസാര പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്‌തു.
ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഭൂരിഭാഗം മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഡൽഹി കാവൽ മുഖ്യമന്ത്രി അതിഷി സംഭവസ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ സുരക്ഷ കേന്ദ്ര - ഉത്തർപ്രദേശ് സർക്കാരുകൾ പരിഗണിക്കുന്നില്ലെന്ന് അതിഷി കുറ്റപ്പെടുത്തി. പ്ലാറ്റ്ഫോമുകളിൽ ചിതറി കിടന്ന ചെരുപ്പുകളും വസ്ത്രങ്ങളും, ലഗേജുകളും റെയിൽവേ ജീവനക്കാർ എടുത്തുമാറ്റി പ്ലാറ്റ്ഫോമുകൾ വൃത്തിയാക്കി.
റെയിൽവേ സ്റ്റേഷനുകളിൽ
ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി : തലസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെയും ഉത്തർപ്രദേശിലെയും റെയിൽവേ സ്റ്റേഷനുകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവർ അനുശോചിച്ചു. ഡൽഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രസർക്കാരിന് കൈമാറി.
നോർത്തേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ നർസിംഗ് ദിയോ, പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണർ പങ്കജ് ഗാംഗ്വാർ എന്നിവരുടെ രണ്ടംഗസമിതി ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇവ സൂക്ഷിച്ചുവയ്ക്കാൻ നിർദ്ദേശം നൽകി. ദൃക്സാക്ഷികളുടെ മൊഴിയെടുത്തു.
വിമർശിച്ച് പ്രതിപക്ഷം
അങ്ങേയറ്റം ദുഃഖകരമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റെയും റെയിൽവേയുടെയും പരാജയമാണിതെന്ന് ആരോപിച്ചു. ഹൃദയഭേദകമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. മരണനിരക്ക് മറച്ചുവയ്ക്കരുതെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |