കോഴിക്കോട്: കുഞ്ഞുമനസിലെ സർഗഭാവനകൾ കഥകളും കവിതകളും ലേഖനങ്ങളുമായപ്പോൾ കുട്ടിക്കൂട്ടത്തിന്റെ കൈകളിലൂടെ പിറന്നത് 120 പുസ്തകങ്ങൾ. കോഴിക്കോട് പന്തീരാങ്കാവ് ഓക്സ്ഫോർഡ് സ്കൂളിലെ മൂന്നുമുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് നേട്ടത്തിനു പിന്നിൽ. പ്രിൻസിപ്പൽ ഡോ. അനസ്, അദ്ധ്യാപകരായ തംഷീറ.കെ.പി, ഫർസാന പർവീൺ, കോ- ഓർഡിനേറ്റർ സെബീർ.പി.ഇ എന്നിവരുടെ പിന്തുണ കൂടിയായപ്പോൾ 100 പുസ്തകങ്ങൾ ഒറ്റദിവസം പ്രകാശനം ചെയ്യാനായി. അതിലൂടെ ഏഷ്യ ബുക്ക് ഒഫ് റെക്കാഡും തേടിയെത്തി. നോബൽ സമ്മാന ജേതാവ് എസ്തർ ഡഫ്ളോയാണ് പ്രകാശനം നിർവഹിച്ചത്. പഠനം തടസപ്പെടാതെ അഞ്ചുമാസം കൊണ്ടാണ് എഴുത്തും രൂപകല്പനയും കുട്ടികൾ നിർവഹിച്ചത്.
30 മുതൽ 100 പേജുകൾ വരെയുള്ള പുസ്തകങ്ങൾ എ ഫോർ വലിപ്പത്തിലുള്ള മേനിക്കടലാസിലാണ് അച്ചടിച്ചത്. ചെലവ് വിദ്യാർത്ഥികൾ വഹിച്ചു. ആവശ്യമുള്ളവർക്ക് ഡിജിറ്റൽ കോപ്പി സൗജന്യമായി നൽകും.
തുടക്കം പരിശീലനത്തിൽ നിന്ന്
ഓസ്ട്രേലിയൻ സന്നദ്ധ സംഘടനയായ അപ് സ്കൂളിന്റെ സൗജന്യ പുസ്തകമെഴുത്ത് പരിശീലനത്തിൽ പങ്കെടുത്തതാണ് തുടക്കം. പരിശീലനം ഓൺലെെനായി. ആദ്യം ഏതാനും കുട്ടികൾ എഴുതിത്തുടങ്ങി. തുടർന്ന് അദ്ധ്യാപകർ കൂടുതൽ പേരെ പ്രോത്സാഹിപ്പിച്ചു. അതോടെ മടിച്ചുനിന്നവരും രംഗത്തെത്തി.
കൂട്ടുകാർ എഴുതുന്നതു കണ്ടപ്പോൾ പ്രചോദനമായി. എഴുത്ത് രസകരമായി.
-അസ്സ ഫാത്തിമ, പത്താം ക്ലാസ്
എങ്ങനെ എഴുതണമെന്ന് അറിയില്ലായിരുന്നു. തുടങ്ങിയപ്പോൾ തടസമുണ്ടായില്ല.
-അയാഷ്, എട്ടാംക്ളാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |