കോട്ടയം : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് നിലത്തു വീണ എൻജിനിയറിംഗ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കാർ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഗുരുതരമായി പരിക്കേറ്റ കട്ടപ്പന കുന്നേൽ ആഷിക്ക് ബൈജു (19) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട് ശിവസദനത്തിൽ മനു എസ്.നായരാണ് (34) പിടിയിലായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പരുത്തുംപാറ പാറക്കുളത്തായിരുന്നു സംഭവം. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എൻജി.കോളേജിലെ മെക്കാനിക്കൽ വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയായ ആഷിക്ക് കോളേജ് ഹോസ്റ്റലിലാണ് താമസം. ആഴ്ചയിൽ ഒരു ദിവസം ബൈക്കിലാണ് വീട്ടിൽ പോകുന്നത്. തിരികെ വരുമ്പോൾ ബൈക്ക് സുഹൃത്തിന്റെ വീട്ടിലാണ് വയ്ക്കുന്നത്. ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനായി ബൈക്കുമായി പരുത്തുംപാറ ഭാഗത്തേയ്ക്ക് വരികയായിരുന്നു. മുന്നിൽപ്പോയ ഓട്ടോറിക്ഷ വലത്തേക്ക് തിരിക്കുന്നതിനിടെ പിന്നാലെയത്തിയ ആഷിക്ക് ബൈക്ക് വെട്ടിച്ചുമാറ്റുകയും എതിർദിശയിലെത്തിയ കാറിൽ തട്ടുകയുമായിരുന്നു. റോഡിലേക്ക് വീണ ആഷിക്കിനെ കാറിൽ നിന്നിറങ്ങി വന്ന മനു വയറിലും, കഴുത്തിലും ആഞ്ഞുചവിട്ടി. എഴുന്നേൽക്കാനാകാതെ കിടന്ന ആഷിക്കിനെ ഇയാൾ വീണ്ടും മർദ്ദിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ ചേർന്നാണ് കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചത്. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ബാൻഡേജിട്ടിട്ടുണ്ട്. സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. സി.ടി സ്കാൻ റിപ്പോർട്ട് ലഭിക്കാനുണ്ടെന്ന് ആഷിക്കിന്റെ പിതാവ് പറഞ്ഞു.
നിലവിൽ മർദ്ദിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രി പരിശോധനാ റിപ്പോർട്ടുകൾ കൂടി ലഭിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ തുടർനടപടികൾ
സ്വീകരിക്കുമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |