ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായുള്ല പരിശീലനത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പരിക്കേറ്റത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. ഹാർദിക് പാണ്ഡ്യ അടിച്ച പന്ത് കൊണ്ടാണ് പന്തിന്റെ കാലിന് പരിക്കേറ്റത്. ഉടൻ ഫിസിയോ എത്തി ചികിത്സ നൽകി. താരത്തിന്റെ പരിക്ക് ഗൗരവമുള്ളതാണോയെന്ന് വ്യക്തമല്ല. നേരത്തേ വാഹനാപകടത്തിലും പന്തിന് കാലിന് പരിക്കേറ്റിരുന്നു.
യു.പിയെ വീഴ്‌ത്തി ഗുജറാത്ത്
വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയ്ന്റ്സ് 6 വിക്കറ്റിന് യു.പി വാരിയേവ്‌സിനെ കീഴടക്കി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത യു.പി വാരിയേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്ത് 18 ഓവറിൽ 4 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (144/4). തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ആഷ് ഗാർഡ്‌നർ (32 പന്തിൽ 52) ആണ് ഗുജറാത്തിന്റെ ചേസിംഗിലെ മുന്നണിപ്പോരാളികളായത്. ഹർലീൻ ഡിയോളും (പുറത്താകാതെ 34) ഡോട്ടിനും (പുറത്താകാതെ 18 പന്തിൽ 33) അനായാസം ഗുജറാത്തിനെ വിജയതീരത്തെത്തിച്ചു. സോഫി ഇക്ലസ്റ്റൺ യു.പിക്കായി 2 വിക്കറ്റ് വീഴ്‌ത്തി.
നേരത്തേ 27 പന്തിൽ 39 റൺസെടുത്ത ക്യാപ്ടൻ ദീപ്തി ശർമ്മയാണ് യു.പിയുടെ ടോപ് സ്കോററായത്. ഉമ ഛെത്രിയും (24) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഗുജറാത്തിനായി പ്രിയ മിശ്ര മൂന്നും ക്യാപ്ടൻ ഗാർഡ്‌നർ, ഡോട്ടിൻ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്‌ത്തി. ഗുജറാത്ത് ആദ്യ മത്സരത്തിൽ ആർ.സി.ബിയോട് തോറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |