ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ആശങ്കയിലാക്കി ഭൂചലനം. തീവ്രത 4 രേഖപ്പെടുത്തിയ ഭൂകമ്പം ഡൽഹി എൻസിആർ മേഖലയിലാണ് ശക്തമായി അനുഭവപ്പെട്ടത്. വെളുപ്പിന് 5:36നാണ് ഭൂചലനമുണ്ടായത്. ന്യൂഡൽഹിയാണ് പ്രഭവകേന്ദ്രം. ഭൂമിയുടെ അഞ്ച് കിലോമീറ്റർ ഉള്ളിലായാണിത്.
പലരും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. തങ്ങൾക്ക് മാത്രമാണോ ഇത് അനുഭവപ്പെട്ടതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇവർ ചോദിച്ചു. ജനങ്ങൾ കൂട്ടത്തോടെ താമസസ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങി നിന്നു. കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും ദുരന്തമുണ്ടായ ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ നിന്നിരുന്നവർ ഒരു ട്രെയിൻ കടന്നുപോകുമ്പോഴുണ്ടാകുന്ന തരം പ്രകമ്പനം അനുഭവപ്പെട്ടതായി അറിയിച്ചു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി ഭൂചലനം ഉണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും നാശനഷ്‌ടം ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഡൽഹിയ്‌ക്ക് സമീപം നോയിഡ,ഗുഡ്‌ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അതേസമയം ജനങ്ങൾ ശാന്തരായിരിക്കണം എന്നും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. തുടർ ചലനങ്ങളെ കരുതിയിരിക്കണം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാവരുടെയും സുരക്ഷയ്‌ക്കായി പ്രാർത്ഥിക്കുന്നതായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എക്‌സിൽ കുറിച്ചു.
EQ of M: 4.0, On: 17/02/2025 05:36:55 IST, Lat: 28.59 N, Long: 77.16 E, Depth: 5 Km, Location: New Delhi, Delhi.
— National Center for Seismology (@NCS_Earthquake) February 17, 2025
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/yG6inf3UnK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |