ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പ്രതി റിജോ ആന്റണി(51) മോഷണം നടത്തിയത് രണ്ടാം ശ്രമത്തിൽ. ബാങ്ക് കൊള്ളയ്‌ക്ക് നാല് ദിവസം മുൻപാണ് റിജോ ആദ്യ ശ്രമം നടത്താനൊരുങ്ങിയത്. എന്നാൽ ബാങ്കിനടുത്ത് പൊലീസ് ജീപ്പ് കണ്ടതോടെ ആദ്യശ്രമം അവസാനിപ്പിക്കുകയായിരുന്നു. വസ്‌ത്രം മാറിയും വാഹനത്തിന് ചെറിയ രൂപമാറ്റങ്ങൾ വരുത്തിയും റിജോ മോഷണശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.കവർച്ചയ്‌ക്ക് തൊട്ടുമുൻപോ ശേഷമോ ഇയാൾ മൊബൈൽ ഫോണും ഉപയോഗിച്ചില്ല. പക്ഷെ പ്രതി ധരിച്ച ഷൂസ് മാറ്റിയിരുന്നില്ല. ഈ സൂചന വഴിയാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്.
മോഷണത്തിന് ശേഷം ബാങ്കിന് തൊട്ടടുത്തുള്ള വീട്ടിലാണ് പ്രതി പണവുമായി കഴിഞ്ഞിരുന്നത്. സംഭവദിവസം ധരിച്ച ജാക്കറ്റ് ഇയാൾ കത്തിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ബാങ്കിന്റെ പ്രവർത്തനം നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്താൻ ഉച്ചസമയം പ്രതി തിരഞ്ഞെടുത്തത്.
ജീവനക്കാർ പുറത്തുപോകുന്ന സമയവും മറ്റും കൃത്യമായി മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. കവർച്ച നടത്തുമ്പോൾ ബാങ്കിൽ 45 ലക്ഷം ഉണ്ടായിരുന്നിട്ടും 15 ലക്ഷം രൂപമാത്രമാണ് പ്രതി എടുത്തത്. ഇതും പൊലീസിന്റെ അന്വേഷണത്തിൽ നിർണായകമായി.
പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകൾ കണ്ടപ്പോൾ അതെടുക്കുകയായിരുന്നു പ്രതി. ബാങ്കിലുള്ളവർ പൊലീസിന് ഫോൺ ചെയ്യുമെന്ന് കരുതി കൈയിൽ കിട്ടിയ പണവുമായി പ്രതി പുറത്തിറങ്ങുകയായിരുന്നു. അതിനാൽ 15 ലക്ഷം രൂപ മാത്രമേ റിജോയ്ക്ക് എടുക്കാൻ കഴിഞ്ഞൂള്ളു.
മോഷണമുതലിൽ നിന്ന് 2,94,000 രൂപ അന്നനാട് സ്വദേശിക്ക് കടം വീട്ടാൻ നൽകിയിരുന്നു. ഇതിൽ 2,29000 രൂപ അന്നനാട് സ്വദേശി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ടിവി വാർത്ത കണ്ടാണ് അന്നനാട് സ്വദേശിക്ക് പ്രതി റിജോ ആണെന്ന് മനസിലാക്കിയത്. തുടർന്ന് പണം ഹാജരാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |