ഫോർട്ട് കൊച്ചി: പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങൾ, തകർന്ന് തരിപ്പണമായ നടപ്പാതകൾ, പ്രവർത്തന രഹിതമായ വഴിവിളക്കുകൾ, സാമൂഹ്യ വിരുദ്ധരുടെ ശല്യം വേറെയും.
മികച്ച ബീച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ച ഫോർട്ടുകൊച്ചി ബീച്ചിൽ കോടികൾ മുടക്കിയിട്ടും ശോച്യനീയാവസ്ഥയ്ക്ക് മാത്രം മാറ്റമില്ല. ഇക്കുറി ബഡ്ജറ്റിൽ അഞ്ചു കോടി രൂപയാണ് സംസ്ഥാന സർക്കാർ ഫോർട്ടുകൊച്ചി ബീച്ചിന്റെ നവീകരണത്തിനായി മാറ്റി വച്ചിട്ടുള്ളത്. രണ്ടു വർഷം മുമ്പ് കെ.എം.ആർ.എൽ ഒന്നര കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പൂർത്തീകരിക്കാതെ പ്രവർത്തനങ്ങൾ അനന്തമായി തുടരവേയാണ് ബഡ്ജറ്റിൽ പുത്തൻ പ്രഖ്യാപനം. പലകുറി ഇത്തരത്തിൽ നിരവധി കോടികൾ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അധികൃതർ ചെലിവിട്ടിട്ടും ഫോർട്ടുകൊച്ചി ബീച്ചിന്റെ അവസ്ഥയ്ക്ക് മാറ്റമില്ല.
ടൂറിസം സീസൺ തുടങ്ങിയിട്ടും വിരലിൽ എണ്ണാവുന്ന വിദേശികൾ മാത്രമാണ് കൊച്ചിയിൽ എത്തുന്നത്. അതും മട്ടാഞ്ചേരി കൊട്ടാരവും ജൂതപള്ളിയും കാണാൻ മാത്രം.
അഞ്ചു കോടിയുടെ
പദ്ധതിയെന്ന്?
നവീകരണത്തിന് ഫോർട്ട് കൊച്ചി ബീച്ചിന് 5 കോടി ബഡ്ജറ്റിൽ വിലയിരുത്തിയെങ്കിലും ജോലികൾ എന്ന് തുടങ്ങുമെന്ന് ഒരു എത്തും പിടിയും ഇല്ല. മുൻ വർഷങ്ങളിലും കോടികൾ സർക്കാർ മുടക്കിയെങ്കിലും പലരുടെയും പോക്കറ്റുകൾ വീർത്തതല്ലാതെ യാതൊന്നും നടന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
അഞ്ചു കോടിയിൽ എത്ര കോടി ഫോർട്ട് കൊച്ചി ബീച്ചിന് കിട്ടുമെന്ന് കണ്ടറിയണമെന്നാണ് നാട്ടുകാരുടെ പക്ഷം.
പരിമിതികളേറെ
1. ബീച്ചിലെ നടപ്പാതയിലെ കസേരകൾ 90 ശതമാനവും സാമൂഹ്യ വിരുദ്ധർ തകർത്തിരിക്കുകയാണ്.
2. രാത്രിയായി കഴിഞ്ഞാൽ വഴിവിളക്ക് ഇല്ലാത്തത് സാമൂഹ്യ വിരുദ്ധർക്കും ഇഴജന്തുക്കൾക്കും അനുഗ്രഹമാണ്.
3. കരിങ്കൽ ഭിത്തി തകർന്നിരിക്കുന്നതിനാൽ കടൽ വെള്ളം നടപ്പാതയിലേക്കാണ് അടിച്ച് കയറുന്നത്.
4. വിരലിലെണ്ണാവുന്ന ചീനവലകൾ സംരക്ഷിക്കാൻ നടപടിയില്ല. മരത്തിന്റെ കഴ കിട്ടാത്തതിനാൽ ഇരുമ്പ് കഴയിൽ നിർമ്മിക്കുമെന്നാണ് അധികാരികൾ പറഞ്ഞത്. എന്നാൽചീനവല സംരക്ഷണ കാര്യം ഇനിയും കടലാസിൽ ഉറങ്ങുകയാണ്.
ബീച്ച് ശുചീകരണം പേരിന് മാത്രമാണ് നടക്കുന്നത്. ബീച്ചിൽ അടിഞ്ഞ്കൂടുന്ന ചീഞ്ഞ പായലും പ്ളാസ്റ്റിക്കും ദിനംപ്രതി നീക്കം ചെയ്യാത്ത പക്ഷം ഫോർട്ട് കൊച്ചിയിലേക്ക് വിദേശികളോ സ്വദേശികളോ എത്താത്ത സ്ഥിതിയാവും. 50 കോടി മുതൽമുടക്കി ഫോർട്ട് കൊച്ചി ബീച്ച് സുന്ദരിയാക്കാൻ അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണം.
ആന്റണി കുരീത്തറ
പ്രതിപക്ഷ നേതാവ്
കൊച്ചിൻ കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |