ന്യൂഡൽഹി: ഈ വർഷത്തെ പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ. സമൂഹ മാദ്ധ്യമങ്ങളിൽ ചോദ്യപ്പേപ്പറുകൾ ലഭിക്കുമെന്ന തരത്തിൽ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റാണെന്നും സിബിഎസ്‌ഇ സ്ഥിരീകരിച്ചു.
ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അനാവശ്യ പരിഭ്രാന്തി സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ സൃഷ്‌ടിച്ചിരിക്കുന്നത്. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചു. ഓൺലൈനായി പ്രചരിക്കുന്ന തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്ന് സിബിഎസ്‌ഇ രക്ഷിതാക്കൾക്ക് നിർദേശം നൽകി. ശരിയായ വിവരങ്ങൾ സ്‌കൂളുകൾ വഴി യഥാസമയം അപ്‌ഡേറ്റ് ചെയ്യുമെന്നും സിബിഎസ്‌ഇ അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് സിബിഎസ്‌ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുന്നത്. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 18നാണ് പത്താം ക്ലാസ് പരീക്ഷകൾ അവസാനിക്കുന്നത്. പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ നാലിന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |