കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതിൽ പ്രതികരിച്ച് നടൻ ജയൻ ചേർത്തല രംഗത്ത്. തനിക്കെതിരായ വക്കീൽ നോട്ടീസിൽ അമ്മ സംഘടന മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ സംസാരിച്ചത് ഒരു സംഘടനയെ പ്രതിനിധീകരിച്ചാണെന്നും അതിനാൽ അത് തന്നെ ബാധിക്കില്ലെന്നും നടൻ വ്യക്തമാക്കി.
'ഞാൻ ഒരു സംഘടനയെ പ്രതിനിധീകരിക്കുന്ന ആളാണ്. ആ സംഘടനയ്ക്ക് പറയാനുള്ളതാണ് പറഞ്ഞത്. ഞാൻ പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങളാണെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇതിൽ സംഘടന ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മയുടെ ഭരണസമിതിയും വക്കീലും ചേർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകും. ഞാൻ പറഞ്ഞതിന് തെളിവുണ്ട്. അത് അവർ നൽകും. അമ്മ പരിപാടി ചെയ്തത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സഹായിക്കാനാണ്. മലയാള സിനിമയിൽ എല്ലാ സംഘടനകളും നിലനിൽക്കണം,'- ജയൻ ചേർത്തല വ്യക്തമാക്കി.
ഫെബ്രുവരി 14ന് ജയൻ ചേർത്തല നടത്തിയ വാർത്തസമ്മേളനത്തിനെതിരെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നിർമ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോൾ താരസംഘടന അമ്മയിൽ നിന്നും പണം ചോദിച്ചുവെന്നാണ് അന്ന് ജയൻ ചേർത്തല ആരോപിച്ചത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്.
'ഓഫീസ് നിർമ്മിക്കുന്നതിന് ഒരു കോടി രൂപ നിർമ്മാതാക്കൾ ആവശ്യപ്പെട്ടപ്പോൾ കൊടുത്ത സംഘടനയാണ് അമ്മ. ഇപ്പോഴും 40 ലക്ഷം തിരിച്ചു തരാനുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കടം തീർക്കാൻ ലാലേട്ടനും മമ്മൂക്കയും അടക്കമുള്ളവർ ഫ്രീയായി വന്ന് ഷോ ചെയ‌്തു തരണമെന്ന് ആവശ്യപ്പെട്ടു. ഖത്തറിൽ പ്ളാൻ ചെയ‌്ത പരിപാടിക്ക് അമേരിക്കയിൽ നിന്ന് സ്വന്തം കാശ് മുടക്കി ടിക്കറ്റെടുത്താണ് ലാലേട്ടൻ വന്നത്. എന്നിട്ട് അവർക്ക് അത് നടത്താൻ കഴിഞ്ഞില്ല. ആ ഷോ പരാജയപ്പെട്ടു',- എന്നാണ് വാർത്തസമ്മേളനത്തിൽ ജയൻ ചേർത്തല പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |