മലയിൻകീഴ്: പത്തുദിവസമായി പൂട്ടിയിട്ടിരുന്ന മച്ചേൽ ഹൈന്ദവത്തിൽ ആർ.എസ്. പണിക്കരുടെ വീട്ടിൽ നിന്ന് ആറ് പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. വീടിന്റെ പിറകുവശത്തെ ഇരുമ്പ് ഗ്രിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മകന്റെ വിവാഹത്തിനായി വീട്ടുകാർ ആഗ്രയിലായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. മുറികളിലെ വാതിലുകൾ കമ്പിപ്പാരകൊണ്ട് കുത്തിപ്പൊളിച്ചിട്ടുണ്ട്. ബെഡ്റൂമിലേയും അലമാരയിലേയും സാധനങ്ങൾ പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലായിരുന്നു. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുത്തു. മച്ചേൽ ശങ്കരമന്ദിരത്തിൽ ഗിരീഷിന്റെ വീട്ടിൽ നിന്ന് ഒന്നരപ്പവന്റെ സ്വർണാഭരണം കഴിഞ്ഞയാഴ്ച മോഷണം പോയിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകി. മച്ചേൽ വല്ലഭം രഘുനാഥിന്റെ വീട്ടിൽ മോഷ്ടാക്കൾ വീടിന്റെ പിറകുവശത്തെ ഗ്രില്ല് മുറിച്ചുമാറ്റി അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. മച്ചേൽ ശ്രീലയത്തിൽ രാജേഷിന്റെ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |