കയറ്റുമതി മൂല്യം 1.55 ലക്ഷം കോടി രൂപയിലെത്തി
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എൽ.ഐ) പദ്ധതിയുടെ കരുത്തിൽ ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സ്‌മാർട്ട് ഫോൺ കയറ്റുമതി ചരിത്രത്തിലാദ്യമായി 1.55 ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്മാർട്ട് ഫോണുകളുടെ കയറ്റുമതിയിലൂടെ 1.31 ലക്ഷം കോടി രൂപയാണ് നേടിയത്. ജനുവരിയിൽ സ്മാർട്ട് ഫോൺ കയറ്റുമതി വരുമാനം റെക്കാഡ് ഉയരമായ 25,000 കോടി രൂപയിലെത്തി. മുൻവർഷത്തേക്കാൾ 140 ശതമാനം വർദ്ധനയാണ് ജനുവരിയിലുണ്ടായത്. കഴിഞ്ഞ വർഷം ഏപ്രിൽ-ജനുവരി കാലയളവിൽ 99,120 കോടി രൂപയുടെ സ്മാർട്ട് ഫോൺ കയറ്റുമതി നേടിയിരുന്നു.
ആപ്പിളിന്റെ ഐ ഫോൺ കരാർ നിർമ്മാതാക്കളുടെ കരുത്തിലാണ് കയറ്റുമതിയിൽ കുതിപ്പുണ്ടായത്. തമിഴ്നാട്ടിലെ ഫോക്സ്‌കോൺ പ്ളാന്റിൽ നിന്നാണ് പകുതിയിലധികം ഐ ഫോണുകൾ കടൽ കടന്നത്. തായ്‌വാനിലെ വിസ്‌ട്രോണിൽ നിന്ന് ടാറ്റ ഇലക്ട്രോണിക്സ് ഏറ്റെടുത്ത കർണാടകയിലെ പ്ളാന്റിൽ നിർമ്മിച്ച സ്മാർട്ട് ഫോണുകളുടെ കയറ്റുമതി വിഹിതം 22 ശതമാനമാണ്. ടാറ്റ ഇലക്ട്രോണിക്സിന് ഓഹരി പങ്കാളിത്തമുള്ള പെഗാട്രോൺ പ്ളാന്റിൽ നിന്ന് 12 ശതമാനം ഫോണുകൾ കയറ്റി അയച്ചു. സാംസംഗിന്റെ കയറ്റുമതി വിഹിതം 20 ശതമാനമാണ്.
നടപ്പുവർഷം ലക്ഷ്യമിടുന്ന സ്മാർട്ട്ഫോൺ കയറ്റുമതി
1.68 ലക്ഷം കോടി രൂപ
ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതി
ആഭ്യന്തര വ്യാവസായിക ഉത്പാദനത്തിൽ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ധനകാര്യ ഇളവുകൾ നിക്ഷേപകർക്ക് നൽകുന്ന പദ്ധതിയാണ് ഉത്പാദന ബന്ധിത ആനുകൂല്യ സ്കീമുകൾ. ഉത്പന്നങ്ങളുടെ വിൽപ്പന മൂല്യം കണക്കിലെടുത്താണ് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നത്.
പ്രധാന ഐ ഫോൺ കരാർ നിർമ്മാതാക്കൾ
ഫോക്‌സ്കോൺ
ടാറ്റ ഇലക്ട്രോണിക്‌സ്
പെഗാട്രോൺ
തൊഴിൽ ലഭ്യത കൂടുന്നു
ടെലികോം മേഖലയിൽ പി.എൽ. ഐ സ്കീം നടപ്പാക്കിയതിന് ശേഷം മൂന്ന് വർഷത്തിനുള്ളിൽ 3,400 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ടെലികോം ഘടക ഭാഗങ്ങളുടെ ഉത്പാദനം ലക്ഷ്യമിട്ട 50,000 കോടി രൂപയിലെത്തിക്കാനും ഈ കാലയളവിൽ കഴിഞ്ഞു. ഇതിലൂടെ 17,800 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്‌ടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |