# ടൗൺഷിപ്പിന് അടുത്ത മാസം തറക്കല്ലിടും
# തുക ചെലവഴിക്കാൻ സാവകാശം ചോദിക്കും
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മാർച്ചിൽ തറക്കല്ലിടാൻ തീരുമാനം. ഭൂമി ഏറ്റെടുക്കലിന് രണ്ട് ദിവസത്തിനുള്ളിൽ ഉത്തരവിറക്കും.
കേന്ദ്രം വായ്പയായി അനുവദിച്ച 529.50 കോടി രൂപ മാർച്ച് 31നുള്ളിൽ ചെലവഴിക്കണമെന്ന് ഉപാധിയുള്ളതിനാൽ കഴിയുന്നത്ര നിർമ്മാണ പ്രവൃത്തികൾ അതിവേഗം തുടങ്ങും. 16 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. ഇവയുടെ നിർമ്മാണം തുടങ്ങാൻ കാലതാമസമുണ്ടാവില്ല.
അതേസമയം, വായ്പത്തുക മൊത്തം ചെലവഴിക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. കൂടുതൽ സാമ്പത്തിക സഹായവും ചോദിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
ഓരോ പദ്ധതിയും പൂർത്തിയാക്കാനെടുക്കുന്ന സമയപരിധി പ്രത്യേകം കണക്കാക്കും. ഇത് അടിസ്ഥാനപ്പെടുത്തി കേന്ദ്രത്തോട് രേഖാമൂലം പണം ചെലവഴിക്കലിന് സമയമാവശ്യപ്പെടാനാണ് ധാരണ.
സമയപരിധി കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ പദ്ധതികൾ തയ്യാറാക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി
ടൗൺഷിപ്പിന്റെ സ്‌കെച്ച് തയ്യാറാക്കിയത് കിഫ്ബിക്ക് കീഴിലുള്ള കിഫ്‌കോൺ ആണ്. പ്രകൃതിദുരന്തങ്ങളെ മറികടക്കാൻ കഴിയുന്ന വിധത്തിലാണ് വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ നിർമ്മാണം.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ.രാജൻ ,ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ എന്നിവർക്ക് പുറമേ ധന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് മെമ്പർ സെക്രട്ടറി, പുനർ നിർമ്മാണ പദ്ധതികളുടെ നിർവഹണ ചുമതലയുള്ള വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
ഗുണഭോക്താക്കളുടെ
രണ്ടാം ലിസ്റ്റ് റെഡി
# നിർദ്ദിഷ്ട ടൗൺഷിപ്പിൽ വീടുകൾക്ക് അർഹതയുള്ള ഗുണഭോക്താക്കളുടെ രണ്ടാം ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. ലിസ്റ്റ് തയ്യാറാണെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു
# ആയിരം സ്ക്വയർ ഫീറ്റിന്റെ വീടിന് മുപ്പത് ലക്ഷം പ്രാഥമികമായി കണക്കാക്കിയിരുന്നു.അത്രയും വേണ്ടിവരില്ലെന്ന് ബോധ്യമായ പശ്ചാത്തലത്തിൽ അന്തിമതുക നിശ്ചയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി
# മാസ്റ്റർ പ്ലാനിന് വകുപ്പുകളുടെ അംഗീകാരം ലഭിച്ചാൽ നിർമാണ ജോലികൾ ആരംഭിക്കും. രണ്ട് ടൗൺഷിപ്പുകളിലുമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റ നിലയുള്ള വീടുകളാണ് പണിയുക. ആകെ ഭൂമിയെ ക്ലസ്റ്ററുകളായി തിരിക്കും. ഒരു ക്ലസ്റ്ററിൽ 20 വീടുകൾ എന്നതാണ് ഇപ്പോഴത്തെ ധാരണ.
`ഓരോ പ്രവൃത്തിക്കുമുള്ള തുക ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും.യോഗതീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താൻ അടുത്ത ആഴ്ച വീണ്ടും അവലോകന യോഗം ചേരും.'
- കെ. രാജൻ,
റവന്യൂ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |