ന്യൂഡൽഹി : പ്രയാഗ്‌രാജ് കുംഭമേളയ്‌ക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 60 റെയിൽവേ സ്റ്റേഷനുകളെ ഹൈട്രാഫിക് സ്റ്റേഷനുകളായി റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ഇവിടെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സംവിധാനമൊരുക്കും.
ഭക്തരെ ട്രെയിൻ വരുന്നതു വരെ പ്രത്യേക മേഖലകളിൽ (ഹോൾഡിംഗ് ഏരിയ) ഇരുത്തും. ഘട്ടംഘട്ടമായി പ്ലാറ്റ്ഫോമുകളിലേക്ക് കടത്തിവിടും. പ്രയാഗ്‌രാജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ടുകളിലെ 35 സ്റ്റേഷനുകളിൽ 24 മണിക്കൂർ നിരീക്ഷണത്തിനായി വാർ റൂം സജ്ജീകരിക്കും. 200 പുതിയ സിസി.ടിവികൾ സ്ഥാപിച്ചുതുടങ്ങി.
ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ. തിക്കിലും തിരക്കിലും 18 ഭക്തരാണ് മരണപ്പെട്ടത്. ഒട്ടേറെപ്പേർക്ക് പരിക്കും പറ്റി.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഒരാഴ്ചത്തേക്ക് വൈകുന്നേരം നാലു മുതൽ രാത്രി 11 വരെ പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകില്ല. തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ പൊലീസ്, ദ്രുതകർമ സേന എന്നിവയ്‌ക്ക് പുറമെ സി.ആർ.പി.എഫിനെയും രംഗത്തിറക്കി.
അതേസമയം, ദുരന്തം നടന്ന ശനിയാഴ്ച വൈകിട്ട് ആറിനും എട്ടിനുമിടയിൽ 9600 ജനറൽ ക്ലാസ് ടിക്കറ്റുകൾ വിറ്റിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇത് അനിയന്ത്രിതമായ തിരക്കിന് ഒരു കാരണമായി. നോർത്തേൺ റെയിൽവേസ് പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ നർസിംഗ് ദിയോ, പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണർ പങ്കജ് ഗാംഗ്‌വാർ എന്നിവരുൾപ്പെട്ട സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
പൊതുതാത്പര്യഹർജി
റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജിയെത്തി. തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കുന്നതിൽ അടക്കം മാർഗരേഖ പുറത്തിറക്കണമെന്ന് അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു
ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജിവയ്‌ക്കണം. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉടൻ ഇടപെടണം
-ദേവേന്ദർ യാദവ്.
കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |