കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിംഗിനിരയായി ജെ.സിദ്ധാർത്ഥൻ (21) മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. തിരുവനന്തപുരം നെടുമങ്ങാട് കൊറക്കോട് പവിത്രം വീട്ടിൽ ജയപ്രകാശ്-ഷീബ ദമ്പതികളുടെ മകനായിരുന്നു . പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരി 18ന് സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം തികയുമ്പോഴും സംഭവത്തിലെ ദുരൂഹത മാറിയിട്ടില്ല. ലോക്കൽ പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും ഒടുവിൽ സി.ബി.ഐയും കണ്ടെത്തിയത് ക്രൂരമായ റാഗിംഗിനിരയായിരുന്നു എന്ന് മാത്രം.
വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ഒരു സംഘം വിദ്യാർത്ഥികൾ ചോദ്യം ചെയ്തിരുന്നു. 15നാണ് പ്രതികൾ ശിക്ഷ നടപ്പിലാക്കാൻ ഗൂഢാലോചന നടത്തിയത്. 15ന് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥനെ സഹപാഠിയായ പതിമൂന്നാം പ്രതി ഫോണിൽ വിളിച്ച് മടങ്ങാൻ ആവശ്യപ്പെട്ടു. 16ന് കോളേജിലെത്തിയ സിദ്ധാർത്ഥനെ ചോദ്യം ചെയ്തു. ഇടിമുറിയിൽ വച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. ഡോർമെറ്ററിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തും കോളേജിന് സമീപത്തെ കുന്നിലുമായിരുന്നു ചോദ്യം ചെയ്യൽ.18ന് ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം താഴെയിറക്കിയത് പ്രതികളുടെ സാന്നിധ്യത്തിലായിരുന്നു.
ആരോപണ വിധേയരായവർക്ക് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഠനം തുടരാൻ അവസരം കിട്ടിയിരുന്നു. പരീക്ഷയെഴുതാനും കോടതി അനുമതി നൽകി.സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ വീട്ടുകാർ സ്റ്റേ വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |