ന്യൂഡൽഹി/തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തെ പ്രകീർത്തിച്ചും,പിണറായി സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ചും നടത്തിയ പ്രതികരണങ്ങൾ വിവാദമായിട്ടും നിലപാടിൽ ഉറച്ചു നിൽക്കുന്ന ശശി തരൂർ എം.പിയുടെ
കാര്യത്തിൽ കരുതലോടെ നീങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. പാർട്ടി വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ തരൂരിനെ തള്ളാനും,കൊള്ളാനും കഴിയാത്ത സ്ഥിതിയിലാണ് പാർട്ടി. വിശദീകരണം തേടൽ ഉൾപ്പെടെ എടുത്തു പിടിച്ചുള്ള നടപടി എതിരാളികൾക്ക് അവസരം നൽകുമെന്നാണ് പാർട്ടി നിലപാട്.
എൽ.ഡി.എഫ് സർക്കാരിനെ അനുകൂലിച്ച് ശശി തരൂർ നടത്തിയ പ്രസ്താവനയോട് നേരിട്ട് പ്രതികരിക്കാതെ,കെ.പി.സി.സി വഴി നീരസം അറിയിക്കാനാണ് എ.ഐ.സി.സി ശ്രമിച്ചത്. തരൂരിന്റെ നിലപാട് തള്ളി ഇന്നലെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ നടത്തിയ പ്രസ്താവന എ.ഐ.സി.സിയുടെ നിർദ്ദേശപ്രകാരമാണെന്ന് അറിയുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പവൻ ഖേര വിശദീകരിച്ചിരുന്നു. എന്നാൽ മറ്റു നേതാക്കളാരും അതേക്കുറിച്ച് പ്രതികരിച്ചില്ല. അന്താരാഷ്ട്ര വിഷയങ്ങളിൽ തരൂരിന്റെ വിശാല നിലപാടുകൾ മുൻപും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുസ്ളീം ലീഗ് സംഘടിപ്പിച്ച പാലസ്തീൻ അനുകൂല റാലിയിൽ ഹമാസിനെ ഭീകരസംഘടനയെന്ന് വിശേഷിപ്പിച്ചത് പരക്കെ എതിർപ്പിനിടയാക്കിയിരുന്നു. ഇക്കഴിഞ്ഞ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കാൻ അവസരം ലഭിക്കാതിരുന്നത് അടക്കം ചില വിഷയങ്ങളിൽ തരൂർ നിരാശനാണെന്നും സൂചനയുണ്ട്.
വീണ്ടും അമ്പരപ്പിച്ച് തരൂർ
തരൂരിന്റെ പോക്ക് എങ്ങോട്ടെന്ന അമ്പരപ്പിലാണ് കോൺഗ്രസ് നേതൃത്വം.തരൂരിന്റെ പുകഴ്ത്തൽ നിലപാടിനെതിരെ കടുത്ത ഭാഷയിൽ പാർട്ടി മുഖപത്രം മുഖപ്രസംഗം എഴുതിയെങ്കിലും,അദ്ദേഹത്തിന്റെ പേര് പോലും അതിൽ പരാമർശിച്ചില്ല.ആരാച്ചാർക്ക് അഹിംസാ അവാർഡ് കൊടുക്കുന്നത് പോലെയാണ് സംസ്ഥാന വ്യവസായ വകുപ്പിനെ പ്രശംസിച്ചതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
അതിനിടെ, സി.പി.എമ്മിനെ നരഭോജികളോട് ഉപമിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് തരൂർ നിരുപാധികം പിൻവലിച്ചതും കോൺഗ്രസിനെ അമ്പരപ്പിച്ചു. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാലിന്റെയും കൃപേഷിന്റെയും ചിത്രങ്ങൾ പങ്കു വച്ചുള്ള ഓർമ്മക്കുറിപ്പിൽ അദ്ദേഹം, സി.പി.എമ്മിനെതിരായ വിമർശനം ഒഴിവാക്കുകയും ചെയ്തു.തരൂരിന്റെ ലേഖനം കോൺഗ്രസിന്റെ എതിരാളികൾക്ക് അടിക്കാനുള്ള ആയുധമായെന്ന് പറഞ്ഞ മുരളീധരൻ,തരൂർ അധികാരത്തിന് പിന്നാലെ പോകുന്ന ആളാണെന്ന് താൻ കരുതുന്നില്ലെന്ന് കൂടി പറഞ്ഞപ്പോൾ വിമർശനത്തിന്റെ മുനയൊടിഞ്ഞു.
തരൂരിനെ എഴുതി
തള്ളാനാവില്ല
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് തരൂരിന് കിട്ടിയ സ്വീകാര്യതയും കേരളത്തിലെ സമുദായ സംഘടനകളുമായി തരൂർ ഉണ്ടാക്കിയ മൈത്രിയും കോൺഗ്രസ് നേതൃത്വം മറന്നിട്ടില്ല. തരൂരി്ന് രാഷ്ട്രീയത്തിന് അതീതമായി ഇടതുപക്ഷ പാർട്ടികളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും എലൈറ്റ് ക്ളാസിനിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനവും കോൺഗ്രസ് നേതൃത്വം കുറച്ചു കാണുന്നില്ല. പ്രകോപനത്തിന്റെ വഴി വിട്ട് അനുനയത്തിന്റെ പാത പാർട്ടി നേതൃത്വം കൈക്കൊള്ളുന്നതും അതിനാലാണ്.
നിലപാട് തിരുത്തുമെന്ന് പ്രതീക്ഷ
കെ-റെയിൽ വിഷയത്തിലെന്ന പോലെ വ്യവസായ സൗഹൃദ വളർച്ചയിലെ നിലപാടും ശശി തരൂർ എം.പി തിരുത്തുമെന്നാണ് പ്രതീക്ഷ. തരൂർ ആദ്യം കെ-റെയിലിനെ അനുകൂലിച്ചപ്പോൾ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം നിലപാട് തിരുത്തി. ഇപ്പോഴത്തെ വിഷയത്തിലും അദ്ദേഹവുമായി സംസാരിക്കും.
-വി.ഡി.സതീശൻ
പ്രതിപക്ഷനേതാവ്
നല്ല ഉപദേശം കൊടുത്തിട്ടുണ്ട്
തരൂരിന്റേത് പാർട്ടി നിലപാടല്ല. വ്യക്തിപരമായ അഭിപ്രായമാണ്. തരൂരിന് നല്ല ഉപദേശം കൊടുത്തിട്ടുണ്ട്. പാർട്ടി തീരുമാനമാണ് ഔദ്യോഗികം. കോൺഗ്രസ് പ്രവർത്തകസമിതിയിൽ നിന്ന് ഒഴിവാക്കേണ്ടത് ഹൈക്കമാൻഡാണ്.
-കെ. സുധാകരൻ
കെ.പി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |