കോട്ടയം: അതിക്രൂരവും ഭീകരവുമായ റാഗിംഗ് സംസ്ഥാനത്ത് തുടർക്കഥയാകുന്നതിന് കാരണം കേരള ഹൈക്കോടതി പുറപ്പെടുവിച്ച രണ്ട് വിധിന്യായങ്ങൾ പ്രതികൾക്ക് നൽകുന്ന ആനുകൂല്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ കേസിൽ പ്രതികൾക്ക് കർശനശിക്ഷ ലഭിക്കുമെന്ന സന്ദേശം വിധിന്യായങ്ങളിലൂടെ നൽകിയിരുന്നെങ്കിൽ കോട്ടയത്തെ സംഭവം ആവർത്തിക്കില്ലായിരുന്നു. പകരം പ്രതികൾക്ക് ജാമ്യവും, തുടർപഠനവും സിംഗിൾ ബെഞ്ച് അനുവദിച്ചു. ജാമ്യം അനുവദിച്ചതിനെ ന്യായീകരിച്ചാലും ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ടും, സി.ബി.ഐ അന്വേഷണവും തള്ളി കോടതി നിരത്തിയ ന്യായങ്ങൾ പ്രതികൾക്ക് അനുകൂലമായി. പ്രതികളെ പഠിച്ചിരുന്ന കോളേജിൽ നിന്ന് പുറത്താക്കാനും മറ്റേതെങ്കിലും കോളേജിൽ പഠിക്കുന്നതിൽ നിന്ന് മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്യാനുമുള്ള സർവകലാശാല തീരുമാനവും ഹൈക്കോടതി റദ്ദാക്കി. സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ച 20ലധികം വരുന്ന എസ്.എഫ്.ഐക്കാർ ഒരു പോറൽ പോലും ഏൽക്കാതെ സമൂഹത്തിൽ വിലസുകയാണ്. മാതാപിതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിനാലാണ് സിംഗിൾ ബെഞ്ച് വിധി താത്കാലികമായി സ്റ്റേ ചെയ്തത്. കോട്ടയം ഗവ.നഴ്സിംഗ് കോളേജിൽ ക്രൂരമർദ്ദനം നടത്തിയ പ്രതികളുടെ എസ്.എഫ്.ഐ ബന്ധം തെളിഞ്ഞിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയും മന്ത്രിമാരും ഇതിനെ തള്ളുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം നീതിപൂർവകമാകില്ല. എഫ്.ഐ.ആറിൽ വർഷം മാറിയെന്ന കേരളകൗമുദി റിപ്പോർട്ട് സർക്കാർ ഇടപെടലിൽ പൊലീസ് പ്രതികളെ രക്ഷിക്കാൻ കൂട്ടുനിൽക്കുന്നുവെന്നത് ശരിവയ്ക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |