തിരുവനന്തപുരം:സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിന് സ്വന്തം നിലപാടില്ലെന്നും ഭരണമുന്നണിയുടെ നിലപാടുകളാണ് അവർ ആവർത്തിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യസഖ്യം കേരളത്തിലില്ലെന്ന് ഇരുമുന്നണികളും ആവർത്തിക്കുമ്പോഴും ഇന്ത്യസഖ്യത്തിന്റെ പൊതുനിലപാടുകളാണുള്ളത്.ഫലത്തിൽ ഭരണപക്ഷത്തിന്റെ ബി.ടീമായി യു.ഡി.എഫും മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനസർക്കാർ അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈ,ചൂരൽമല പുനർനിർമ്മാണത്തിന് കേന്ദ്രസർക്കാർ കാപ്പക്സ് വായ്പ അനുവദിച്ചത്. എന്നാൽ അത് കേന്ദ്ര അവഗണനയാണെന്നു പറഞ്ഞ് എൽ.ഡി.എഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് പ്രതിപക്ഷനേതാവ് സതീശനും കെ.സുധാകരനും പറയുന്നത്.ശശിതരൂർ ലേഖനത്തിലും മറ്റ് നേതാക്കൾ പ്രസ്താവനകളിലും ഭരണകക്ഷിയുടെ എല്ലാ നിലപാടുകളും സ്വാഗതം ചെയ്യുകയാണ്.
കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പുകഴ്ത്തി ലേഖനമെഴുതുന്ന ശശിതരൂർ രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വർദ്ധിച്ചത് കേന്ദ്രസർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളിലൂടെയാണെന്നും സമ്മതിക്കേണ്ടതാണ്.
2014ൽ മോദി സർക്കാർ അധികാരമേറ്റപ്പോൾ ഉണ്ടായിരുന്നത് വെറും 4,000സ്റ്റാർട്ടപ്പുകൾ മാത്രമാണ്.10വർഷം കഴിഞ്ഞപ്പോൾ ഒരുലക്ഷത്തി നാൽപ്പതിനായിരം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ടായി. അതിന്റെ ഭാഗമായിട്ടുള്ള വർദ്ധനവ് മാത്രമാണ് കേരളത്തിലുണ്ടായത്.
പാലക്കാട് തൃത്താലയിൽ ഹമാസ് തീവ്രവാദികളുടെ ചിത്രവുമായി പള്ളി ഉറൂസ് നടത്തിയ സംഭവത്തിൽ കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |