# 25ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം
തിരുവനന്തപുരം: മന്ത്രിമാറ്റ വിവാദത്തെ തുടർന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷ പദവി രാജി വച്ച പി.സി ചാക്കോയുടെ പിൻഗാമിയെ ഈ മാസം 25 ന് കൊച്ചിയിൽ ചേരുന്ന നേതൃയോഗത്തിൽ തീരുമാനിക്കും. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷനാവുമെന്നാണ് അറിയുന്നത്.
പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി ഇന്നലെ മുംബയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ, പി,സി ചാക്കോ , തോമസ് കെ.തോമസ് എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് നേതൃത്വ പുനഃസംഘടനയിൽ ധാരണയായത്. എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി വിജേന്ദ്ര അവാദിന്റെ സാന്നിദ്ധ്യത്തിൽ 25 ന് കൊച്ചിയിൽ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, വൈസ് പ്രസിഡന്റുമാർ, ട്രഷറർ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗം ചേർന്നാവും അദ്ധ്യക്ഷനെ പ്രഖ്യാപിക്കുക. ദേശീയ അദ്ധ്യക്ഷന്റെ അനുമതിയോടെ തോമസ് കെ.തോമസിനെ മന്ത്രിയാക്കാൻ നടത്തിയ നീക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തടയിട്ടത് തന്റെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ പരാജയമെന്ന് സ്വയം വിലയിരുത്തിയാണ് സംസ്ഥാന അദ്ധ്യക്ഷ പദം ചാക്കോ രാജി വച്ചത്. ഇക്കാര്യം അദ്ദേഹം ശരദ് പവാറിനെ ബോദ്ധ്യപ്പെടുത്തി. മുൻകാല സൗഹൃദമുള്ള പി.സി ചാക്കോയെ തള്ളിക്കളയാൻ പവാറിനുമാവില്ല.
തദ്ദേശ തിരഞ്ഞെടുപ്പും ,തൊട്ടു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും സംജാതമായിരിക്കെ പാർട്ടിക്കുള്ളിൽ അന്തഃച്ഛിദ്രം വളർത്താൻ ദേശീയ നേതൃത്വത്തിനും താത്പര്യമില്ല. മുഖ്യമന്ത്രിയിൽ എ.കെ.ശശീന്ദ്രനുള്ള സ്വാധീനവും ഇപ്പോഴത്തെ തീരുമാനത്തിൽ നിർണായകമായി. കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കാൻ ശ്രമിക്കുമെന്ന ശശീന്ദ്രന്റെ സമ്മർദ്ദ തന്ത്രമാണ് മന്ത്രി സ്ഥാനത്തിന് വേണ്ടി ചാക്കോയുമായി കൈകോർത്ത തോമസ്.കെ.തോമസിനെ മെരുക്കിയത്. കുട്ടനാട്ടിൽ കാര്യമായ വികസനം നടക്കുന്നില്ലെന്നും ആ സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ നടത്തിയ പരസ്യ പ്രസ്താവനയും തോമസിനെ പ്രതിസന്ധിയിലാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |