ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ 26-ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. നിയമനം രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. 2029 ജനുവരി 26 വരെയാണ് കാലാവധി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ഇന്ന് വിരമിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റി ഇന്നലെ യോഗം ചേർന്നിരുന്നു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തിയ നിയമനിർമ്മാണത്തിൽ രാഹുൽ വിയോജിപ്പ് രേഖപ്പെടുത്തി.
സുപ്രീംകോടതി നാളെ വിഷയം പരിഗണിക്കുന്ന സാഹചര്യത്തിൽ നിയമന തീരുമാനം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഗ്യാനേഷ് കുമാറിന്റെ പേര് ശുപാർശ ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കകം ഫയലിൽ രാഷ്‌ട്രപതി ഒപ്പിട്ടു. 1988 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നാളെ ചുമതലയേൽക്കും. ആഭ്യന്തരമന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരിക്കെ, അയോദ്ധ്യ കേസിലെ രേഖകൾ സുപ്രീംകോടതിയിൽ എത്തിക്കാനുള്ള ചുമതല ഇദ്ദേഹത്തിനായിരുന്നു. ഈവർഷം അവസാനം ബീഹാർ നിയമസഭയിലേക്കും, അടുത്തവർഷം പശ്ചിമ ബംഗാൾ, അസാം, തമിഴ്നാട് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഗ്യാനേഷ് കുമാറിന്റെ ഒഴിവിൽ 1989 ബാച്ച് ഹരിയാന കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ വിവേക് ജോഷിയെ നിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |