കൊച്ചി: ഉത്സവങ്ങൾക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളെ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശം. ഗുരുവായൂർ ദേവസ്വം ലൈവ് സ്റ്റോക്ക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർക്കാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
ആനകളെ അകലെയുള്ള ക്ഷേത്രങ്ങളിലേക്ക് അയച്ചുകിട്ടുന്ന വരുമാനം ഗുരുവായൂർ ദേവസ്വത്തിന് ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. പുന്നത്തൂർ ആനക്കോട്ടയുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഗുരുവായൂരിൽ നിന്ന് കൊണ്ടുപോയ പീതാംബരൻ, ഗോകുൽ എന്നീ ആനകൾ ഇടഞ്ഞോടിയതിനെ തുടർന്ന് കൊയിലാണ്ടി ക്ഷേത്രോത്സവത്തിനെത്തിയ മൂന്നു പേർ കഴിഞ്ഞ 13ന് മരിച്ചിരുന്നു. പീതാംബരന്റെ കുത്തേറ്റ് ഗോകുൽ എന്ന ആനയ്‌ക്ക് പരിക്കുണ്ട്. ഈ വിഷയത്തിൽ വെറ്ററിനറി സർജനും റിപ്പോർട്ട് നൽകണം.
ആനകളെ ദൂരെയുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതിൽ കോടതി വിശദീകരണം തേടിയതിനാൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും വെറ്ററിനറി സർജനും ഇന്നലെ രേഖകളുമായി നേരിട്ട് ഹാജരായി. വിദഗ്ദ്ധർ നിർദ്ദേശം നൽകുന്നതുവരെ രണ്ട് ആനകളെയും പുറത്തുകൊണ്ടുപോകില്ലെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. തൊട്ടടുത്ത് കതിനാവെടി പൊട്ടിയപ്പോഴാണ് പീതാംബരൻ ഇടഞ്ഞതെന്നും എക്സ്‌പ്ലോസീവ് ലൈസൻസില്ലാതെയാണ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയതെന്നും സർക്കാർ അറിയിച്ചു. വിഷയം 27ന് വീണ്ടും പരിഗണിക്കും.
ഇടഞ്ഞ ആനകൾ നിരന്തര യാത്രയിലെന്ന് കോടതി
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഇടഞ്ഞ ആനകൾ ഒന്നരമാസമായി നിരന്തരം യാത്രയിലായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. പുറത്തേക്ക് അയയ്‌ക്കുന്ന ആനകളുടെ ഭക്ഷണകാര്യങ്ങളിൽ ഗുരുവായൂർ ദേവസ്വത്തിന് കരുതലില്ലെന്നും രജിസ്റ്ററുകൾ പരിശോധിച്ച ശേഷം ഡിവിഷൻബെഞ്ച് പറഞ്ഞു. ഏക്കം കൂടിയ ആനയായ ഗോകുൽ കുന്നംകുളം, കോലഞ്ചേരി, ഷൊർണൂർ എന്നിവിടങ്ങളിൽ എളുന്നള്ളിപ്പിൽ പങ്കെടുത്ത ശേഷമാണ് കൊയിലാണ്ടിയിലെത്തിയത്. ഗുരുവായൂരിൽ നിന്ന് മണക്കുളങ്ങര ക്ഷേത്രത്തിലേക്ക് 140 കിലോമീറ്ററുണ്ട്. രണ്ടാനകളും ഒന്നര മാസമായി ആനക്കോട്ടയ്‌ക്ക് പുറത്തായിരുന്നു. ഇവയുടെ ഫീഡിംഗ് രജിസ്റ്ററിൽ ഈ ദിവസങ്ങളിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
കൊയിലാണ്ടിയിലേക്ക് ആനയെ ബുക്ക് ചെയ്തയാൾക്ക് ക്ഷേത്രസമിതിയിൽ എന്താണ് പദവിയെന്ന് രസീതിൽ വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് കോടതി ബുക്കിംഗ് നടപടിക്രമങ്ങളിൽ വിശദീകരണം തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |