കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൈമാറി. മരിച്ച രാജന്റെ സഹോദരൻ ദാസന് ക്ഷേത്ര പരിസരത്ത് വച്ചാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ ധനസഹായം കൈമാറിയത്. ലീല,അമ്മുക്കുട്ടി അമ്മ എന്നിവരുടെ ആശ്രിതർക്കുള്ള ധനസഹായം അവരുടെ വീടുകളിലെത്തി മന്ത്രി ബന്ധുക്കൾക്ക് നൽകി. പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ സർക്കാർ ഉറപ്പാക്കുന്നതോടൊപ്പം ഗുരുതരമായി പരിക്കേറ്റവർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാവതിരിക്കാനുള്ള മുൻകരുതലിന് ആവശ്യമായ തീരുമാനമെടുക്കും. ആന എഴുന്നള്ളുത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ സർക്കാർ പാലിക്കും. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ മൂന്ന് ലക്ഷം രൂപയും മലബാർ ദേവസ്വം ബോർഡിന്റെ രണ്ട് ലക്ഷം രൂപയും ചേർത്താണ് അഞ്ചു ലക്ഷം രൂപ കൈമാറിയതെന്ന് മന്ത്രി വാസവൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ,മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ടി.സി ബിജു,കാനത്തിൽ ജമീല എം.എൽ.എ,കൊയിലാണ്ടി നഗരസഭാദ്ധ്യക്ഷ സുധ കിഴക്കെപ്പാട്ട്,സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |