വമ്പൻ പദ്ധതികൾക്ക് നിക്ഷേപകരെത്തും
വിഴിഞ്ഞത്തിന് കടലോളം പ്രതീക്ഷ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെയും തലസ്ഥാനത്തിന്റെയും സമഗ്രവികസനം ലക്ഷ്യമിട്ട് നിക്ഷേപകരുമായി വമ്പൻ പദ്ധതികളിൽ ധാരണാപത്രം ഒപ്പിടാനൊരുങ്ങുകയാണ് സർക്കാർ. 21,22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ്കേരള ഗ്ലോബൽസമ്മിറ്റിൽ തുറമുഖ പദ്ധതികൾക്ക് നിക്ഷേപകരെത്തും.
ആറുമാസം കൊണ്ട് മികവ് തെളിയിച്ച തുറമുഖത്തെ സംരംഭങ്ങൾക്ക് നിക്ഷേപകർക്കും താത്പര്യമാണ്. വിഴിഞ്ഞത്തെ കയറ്റുമതി,ഇറക്കുമതി (എക്സിം) തുറമുഖമാക്കി മാറ്റാനും മാരിടൈം,ലോജിസ്റ്റിക് ഹബായി മാറ്റാനുമുള്ള പദ്ധതികളാവും അവതരിപ്പിക്കുക.
തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോൺക്ലേവിൽ നിരവധി സംരംഭങ്ങൾക്ക് പ്രാഥമിക രൂപമായിരുന്നു. കണ്ടെയ്നർ നീക്കത്തിനുള്ള ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രത്തിനപ്പുറം സിംഗപ്പൂർ, റോട്ടർഡാം,ദുബായ് തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞത്തെയും തലസ്ഥാനത്തെയും വളർത്താനാണ് സർക്കാരിന്റെ പദ്ധതി.
ഇതിനായി തുറമുഖത്തോടനുബന്ധിച്ച് വ്യവസായ പാർക്കുകൾ,ഉത്പാദനകേന്ദ്രങ്ങൾ,സംഭരണ സൗകര്യങ്ങൾ,സംസ്കരണ യൂണിറ്റുകൾ,അസംബ്ലിംഗ് യൂണിറ്റുകൾ,കയറ്റിറക്ക് കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും. റിന്യൂവബിൾ എനർജി,ഗ്രീൻഹൈഡ്രജൻ,സീഫുഡ്,അഗ്രികൾച്ചർ പാർക്കുകളും വരും. വിഴിഞ്ഞത്ത് നിക്ഷേപത്തിന് മേൽനോട്ടത്തിനായി മറ്റ് സംസ്ഥാനങ്ങൾക്ക് തലസ്ഥാനത്ത് ബിസിനസ് വികസന കേന്ദ്രം അനുവദിക്കും.
ഇതിനായി നൂറ് ഏക്കർ ഭൂമിയേറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നിക്ഷേപവും വിഴിഞ്ഞം വികസനത്തിന് സർക്കാർ തേടുന്നുണ്ട്. വിഴിഞ്ഞം വഴിയുള്ള കയറ്റുമതിക്ക് ഒരുകോടിരൂപ വരെ സബ്സിഡി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതിക്കുള്ള ലോജിസ്റ്റിക് ചെലവുകളുടെ 50% സർക്കാർ തിരികെ നൽകും.
വളരാൻ സ്വാശ്രയ ടൗൺഷിപ്പുകൾ
വിഴിഞ്ഞം-നാവായിക്കുളം 63കി.മി ഔട്ടർറിംഗ് റോഡിന്റെ ഇരുവശത്തും രണ്ടരകിലോമീറ്റർ മേഖലയിൽ ഔട്ടർറിംഗ് ഏരിയഗ്രോത്ത് കോറിഡോർ പദ്ധതി നടപ്പാക്കും. ആധുനിക സൗകര്യങ്ങളുമുള്ള സ്വാശ്രയ ടൗൺഷിപ്പായി ഇതിനെ മാറ്റും.
വിഴിഞ്ഞം,കോവളം,കാട്ടാക്കട,നെടുമങ്ങാട്,വെമ്പായം,കിളിമാനൂർ,കല്ലമ്പലം എന്നിവിടങ്ങളിൽ സാമ്പത്തികനോഡുകൾ വരും. വികസനത്തിന് ലാൻഡ് പൂളിംഗിലൂടെ ഭൂമിയേറ്റെടുക്കും.
₹ 1000 കോടി
തുറമുഖത്തോടനുബന്ധിച്ച് ഭൂവികസനവും നിക്ഷേപങ്ങളും
ശക്തിപ്പെടുത്താനുള്ള കമ്പനിക്ക് ഭൂമിവാങ്ങലിന് കിഫ്ബി മുടക്കുന്നത്
''രണ്ടുംമൂന്നുംഘട്ടങ്ങൾ 2028ൽ പൂർത്തിയാവുന്നതോടെ വിഴിഞ്ഞം തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബായി മാറും. വികസനത്തിന്റെയും പുരോഗതിയുടെയും കവാടമായി വിഴിഞ്ഞംമാറും. തുറമുഖത്തേക്ക് റോഡ്,റെയിൽ കണക്ടിവിറ്റി ഉറപ്പാക്കും.""
വി.എൻ.വാസവൻ,മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |