കോഴിക്കോട്: ഐ ലീഗിൽ ഗോൾ മഴപെയ്യിച്ച് വിജയ വഴിയിൽ തിരിച്ചെത്തി ഗോകുലം കേരള എഫ്.സി . ഇന്നലെ സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം 6-3 ന് ഡൽഹി എഫ്.സിയെയാണ് തകർത്തത്. മൂന്നാം മിനിട്ടിൽ തന്നെ ഗോൾ വഴങ്ങിയെങ്കിലും ശക്തമായി തിരിച്ചുവന്ന് ഗോകുലം ജയം പിടിച്ചെടുക്കുകയായിരുന്നു. ഗയറിയായിരുന്നു ഡൽഹിക്കായി ആദ്യ ഗോൾ നേടിയത്. 13-ാം മിനിട്ടിൽ മാർട്ടിൻ ഷാവേസിലൂടെ ഗോകുലം സമനില നേടി. 21-ാം മിനിട്ടിൽ അദമ നിയാനെയുടെ ഗോളിൽ ഗോകുലം മുന്നിലെത്തി. രണ്ടാം പകുതിയിൽ 54-ാം മിനുട്ടിൽ അദമ രണ്ടാം ഗോളും നേടി ലീഡ് വർധിപ്പിച്ചു. 57-ാം മിനിട്ടിൽ നാച്ചോ അബെലഡോ ഗോകുലത്തിന്റെ നാലാം ഗോൾ നേടി. എന്നാൽ 64ാം മിനിട്ടിൽ ഹൃദയ ജയിൻ നേടിയ ഗോളിൽ ഡൽഹി സ്‌കോർ 2-4 എന്നാക്കി. 75-ാം മിനിട്ടിൽ അബലഡോയുടെ രണ്ടാം ഗോളും ഗോകുലത്തിന്റെ അഞ്ചാം ഗോളും പിറന്നു. 81ാം മിനുട്ടിൽ ഡൽഹിക്കായി സാമിർ ബിനോംഗ് ഒരു ഗോൾ കൂടി മടക്കി. അധിക സമയത്ത് (90+9) രൺജീത്ത് പാന്ദ്രെ ഗോകുലത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഡൽഹി പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |