ദേശീയ ഗെയിംസിൽ കേരളത്തിന്റെ മോശം പ്രകടനത്തെച്ചൊല്ലി കേരളാ ഒളിമ്പിക് അസോസിയേഷൻ ഒരുവശത്തും കായിക വകുപ്പും സ്പോർട്സ് കൗൺസിലും മറുവശത്തും നിന്നുള്ള വാക് പോര് ഉച്ചസ്ഥായിയിൽ. പുട്ടടി പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഇന്നലെ പറഞ്ഞ കായിക മന്ത്രി വി.അബ്ദുറഹിമാൻ പി.ടി ഉഷയേയും വിമർശിച്ചു. മന്ത്രി എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെയാണെന്നാണ് കേരളാ ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ) പ്രസിഡന്റ് സുനിൽ കുമാർ തിരിച്ചടിച്ചത്. അതേസമയം സുനിൽ കുമാറിനെതിരെ മുൻ ഹോക്കി താരങ്ങളുടെ സംഘടന രംഗത്തെത്തിയപ്പോൾ ദേശീയ ഗെയിംസിൽ ഒത്തുകളിച്ചെന്ന് കായിക മന്ത്രി ആരോപിച്ച ഹാൻഡ്ബോൾ താരങ്ങൾ പ്രതിഷേധവുമായി സംസ്ഥാന സ്പോർട്സ് കൗൺസൽ ആസ്ഥാനത്തെത്തി.
കായിക മന്ത്രി എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ: സുനിൽ കുമാർ
കായിക മന്ത്രി വി.അബ്ദുറഹിമാനെതിരെ രൂക്ഷ വിമർശനവുമായി ഇന്നലേയും കേരളാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ രംഗത്തെത്തി. കായികമന്ത്രി എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെയാണെന്നായിരുന്നു സുനിൽ കുമാർ ഇന്നലെ പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടത്. ഹോക്കി അസോസിയേഷന് സഹായം നൽകിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഉത്തരവിന്റെ പകർപ്പുകൾ ഇ.പി ജയരാജൻ കായിക വകുപ്പ് മന്ത്രി അയിരുന്നപ്പോഴുള്ളതായിരുന്നു. അബ്ദുറഹിമാന്റെ കാലത്ത് ഹോക്കി അസോസിയേഷന് ആകെ ലഭിച്ചത് 5 ലക്ഷം രൂപ മാത്രമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ വിന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന വിഖ്യാത നോവലിലെ എട്ടുകാലിമമ്മൂഞ്ഞിനെയാണ് മന്ത്രിയുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഓർമ്മ വരുന്നത്. കായിക മേഖലയിൽ കേരളത്തിന്റെ ഇതുവരെയുള്ല നേട്ടങ്ങളെല്ലാം തന്റെ കാലത്താണെന്ന് മന്ത്രി പറയാത്തത് ഭാഗ്യമാണെന്നും സുനിൽ കുമാർ പ്രസ്താവനയിൽ പറഞ്ഞു.
പുട്ടടി പരാമർശത്തിൽ ഉറച്ച് കായിക മന്ത്രി
ഉഷയ്ക്ക് പ്രതിബദ്ധതയില്ല:
മന്ത്രി വി. അബ്ദുറഹിമാൻ
മലപ്പുറം: കേരള ഒളിമ്പിക് അസോസിയേഷനെതിരെ പറഞ്ഞതിൽ ഉറച്ച് കായികമന്ത്രി വി.അബ്ദുറഹിമാൻ. കായിക സംഘടനകൾ ഫണ്ട് വാങ്ങി പുട്ടടിച്ചെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. ഭയപ്പെടുത്തൽ ഇങ്ങോട്ട് വേണ്ട. ഒളിമ്പിക് അസോസിയേഷന്റെ സർട്ടിഫിക്കറ്റും വേണ്ട. ജനങ്ങളുടെ സർട്ടിഫിക്കറ്റ് മതി. അത് കിട്ടുന്നുണ്ടെന്നും മന്ത്രി മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയ്ക്ക് കേരളത്തോട് പ്രതിബന്ധതയില്ലെന്നും മന്ത്രി തുറന്നടിച്ചു. ദേശീയ ഗെയിംസിൽ നിന്ന് കളരിയെ പുറത്താക്കിയപ്പോൾ ഇടപെട്ടില്ല.
കളരിയെ മത്സര ഇനത്തിൽ നിന്ന് മാറ്റരുതെന്ന ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശവും ഉഷ കേട്ടില്ല. മെഡലുകളുടെ എണ്ണം നോക്കുകയാണെങ്കിൽ ദേശീയ ഗെയിംസിൽ കേരളത്തിന് അത്ര വലിയ പരാജയമൊന്നും സംഭവിച്ചിട്ടില്ല. കളരിയെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ 19 മെഡലുകൾ കൂടി ലഭിക്കുമായിരുന്നു. വിമർശനത്തിനുള്ള സാദ്ധ്യത തന്നെ വരില്ലായിരുന്നു.
കേരള ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹിയിൽ നിന്നും പദവിക്ക് ചേരാത്ത തരത്തിലുള്ള പ്രസ്താവനയുണ്ടായി. കായിക സംഘടനകൾ എല്ലാവരും പണം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല. എന്നാൽ ദുരുപയോഗം ചെയ്യുന്ന ചില അസോസിയേഷനുകളിൽ ഒന്നാണ് കേരളത്തിലെ ഹോക്കി അസോസിയേഷൻ. സർക്കാർ 1,400ഓളം കോടി രൂപ കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇതിലൊന്നും ഒളിമ്പിക്സ് അസോസിയേഷന്റെ ഒരു പിന്തുണയും കിട്ടിയിട്ടില്ല. ദേശീയ ഗെയിംസിൽ ചില മത്സരങ്ങളിൽ ഒത്തുതീർപ്പെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു. മെഡൽ തിരിച്ചു നൽകുന്നവർ നൽകട്ടെ, പകരം സ്വർണം വാങ്ങി വരട്ടെയെന്നും മന്ത്രി പറഞ്ഞു.
മെഡലുകൾ കടലിൽ എറിയുമെന്ന്
ബീച്ച് ഹാൻഡ് ബോൾ താരങ്ങൾ
തിരുവനന്തപുരം : കായിക മന്ത്രി വി.അബ്ദുറഹിമാന്റെ ഒത്തുകളി പരാമർശത്തിൽ പ്രതിഷേധിച്ച് ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടിയ വനിതാ ബീച്ച് ഹാൻഡ്ബോൾ താരങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് പ്രതിഷേധിച്ചു. ടീമിലെ 9 പേരാണ് മെഡലുമായി പ്രതിഷേധത്തിനെത്തിയത്. ഒരാഴ്ചയ്ക്കകം മന്ത്രി പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ പരീശീലനം നടത്തിയ ശംഖുംമുഖം ബീച്ചിലെത്തി മെഡലുകൾ കടലിൽ വലിച്ചെറിയുമെന്ന് താരങ്ങൾ പറഞ്ഞു. പ്രതിഷേധവുമായി താരങ്ങൾ എത്തിയതോടെ സ്പോർട്സ് കൗൺസിൽ ഗേറ്റ് അടച്ച് പൂട്ടി. താരങ്ങൾ ഗേറ്റിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. ബർണാഡ്, രേഷ്മ കൃഷ്ണൻ, ആർച്ച, റൂബിന ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
മന്ത്രിക്ക് തെറ്റിയോ?
ദേശീയ ഗെയിംസിൽ വനിതാ ഹാൻഡ്ബോൾ ടീമിന് വെള്ളി കിട്ടിയത് ഒത്തുകളി കാരണമാണെന്നാണ് മന്ത്രി പറഞ്ഞതെന്നും എന്നാൽ വനിതാ ബീച്ച ്ഹാൻഡ്ബോൾ ടീമിനാണ് വെള്ളി കിട്ടിയതെന്നും പ്രതിഷവുമായെത്തിയ താരങ്ങൾ പറഞ്ഞു.
അതേസമയം ദേശീയ ഗെയിംസിൽ നെറ്റ് ബോൾ മത്സരങ്ങൾക്കെതിരെ ഒത്തുകളി ആരോപണം ഉയർന്നിരുന്നു. കേരളത്തിന്റെ വനിതാ ടീം ആദ്യമത്സരങ്ങളിൽ റഫറിയുടെ പക്ഷാപാതപരമായ തീരുമാനങ്ങളെ തുടർന്നാണ് തോറ്റതെന്ന ്ആരോപണമുയർന്നിരുന്നു.
തുടർന്ന് കേരളാ സംഘത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യർ, കെ.ഒ.എ പ്രസിഡന്റ് സുനിൽകുമാർ എന്നിവർ പരാതി നൽകിയതിനെ തുടർന്ന് ഐ.ഒ.എ പ്രസിഡന്റ് പി.ടി ഉഷ, എത്തിയാണ് കാര്യങ്ങൾ ശരിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |