രഞ്ജി ട്രോഫി സെമി: ഒന്നാം ദിനം കേരളം 206/4 എന്ന നിലയിൽ
അഹമ്മദാബാദ്: ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനലിൻ്റെ ആദ്യ ദിവസം കരുതലോടെ ബാറ്റ് ചെയ്ത് കേരളം. ഒന്നാം ദിനമായ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 206/4 എന്ന നിലയിലാണ്. 89 ഓവറാണ് ഇന്നലെ കേരളം ബാറ്റ് ചെയ്‌തത്. കളി നിർത്തുമ്പോൾ 193 പന്ത് നേരിട്ട് 69 റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും 66 പന്തിൽ 30 റൺസോടെ മുഹമ്മദ് അസ്‌ഹറുദ്ദീനുമാണ് ക്രീസിൽ.
വരുണും ഇമ്രാനും അരങ്ങേറ്റം
രഞ്ജി സെമി ഫൈനലിൽ രണ്ട് യുവ താരങ്ങൾ കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. ഇന്ത്യയുടെ അണ്ടർ 19 ടീമംഗങ്ങളായിരുന്ന വരുൺ നായനാരും അഹമ്മദ് ഇമ്രാനുമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. വരുൺ കേരളാ ക്യപ്‌ടൻ സച്ചിൻ ബേബിയിൽ നിന്നും ഇമ്രാൻ ടീം മാനേജർ നാസർ മച്ചാനിൽ നിന്നും ക്യാപ് സ്വീകരിച്ചു. ഷോൺ റോജറിനും പരിക്കേറ്റ ബേസിൽ തമ്പിയ്ക്കും പകരമാണ് വരുണും ഇമ്രാനും ടീമിൽ എത്തിയത്.
കനത്ത പ്രതിരോധം
അഹമ്മദാബാദിലെ നരേന്ദ്രമോദി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രദ്ധയോടെയാണ് ഓപ്പണർമാരായ അക്ഷയ് ചന്ദ്രനും (30),രോഹൻ കുന്നുമ്മലും തുടങ്ങിയത്. ആദ്യ വിക്കറ്റിൽ 125 പന്തിൽ 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത്. തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി രോഹനും മടങ്ങി. തുടർന്നെത്തിയ വരുൺ നായനാർക്കും (10) അധികം പിടിച്ചു നിൽക്കാനായില്ല. പ്രിയജിത് സിംഗ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവിൽ പട്ടേൽ പിടിച്ചാണ് പത്ത് റൺസെടുത്ത വരുൺ പുറത്തായത്.എന്നാൽ പിന്നീടെത്തിയ ജലജ് സക്സേന (30) നായകൻ സച്ചിൻ ബേബിക്ക് മികച്ച പിന്തുണ നൽകി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 168 പന്ത് നേരിട്ട് നേടിയ 71 റൺസ് കേരളത്തിന് കരുത്തായി. ജലജ് സക്സേനയെ അർസൻ നഗ്‌വാസ്വെല്ല ക്ലീൻ ബൌൾഡാക്കുകയായിരുന്നു. പകരമെത്തിയ അസ്ഹറുദ്ദീനും സച്ചിനും ചേർന്ന് തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 8 ബൗണ്ടറികൾ അടങ്ങുന്നതാണ് സച്ചിൻ്റെ ഇന്നിംഗ്‌സ്.
വിദർഭ 308/5
നാഗ്‌പൂരിൽ നടക്കുന്ന മറ്റൊരു സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ മുംബയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത വിദർഭ ഒന്നാം ദിനം കളിനിറുത്തുമ്പോൾ 308/5 എന്ന നിലയിലാണ്. ഡാനഷ് മലേവാർ (79), ധ്രുവ് ഷോറെ (74) എന്നിവർ വിദർഭയ്‌ക്കായി അർദ്ധ സെഞ്ച്വറി നേടി. കരുൺ നായർ (45),യഷ് രോത്തോഡ് (പുറത്താകാതെ 47) എന്നിവരും തിളങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |