കൽപ്പറ്റ: വയനാട് പുനഃരധിവാസത്തിനായുള്ള നിർമാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറി സർക്കാർ. ഇതിനായി 16 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. ടൗൺഷിപ്പിനായുള്ള സ്‌പോൺസർഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും.
സഹായ വാഗ്ദാനം നൽകിയവർ, നിർമാണ കമ്പനി, ഗുണഭോക്താക്കൾ എന്നിവരുമായി ചർച്ച നടത്താനും കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര വായ്‌പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുൻഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയതിനുശേഷം വായ്‌പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സർക്കാരിനോട് സാവകാശം തേടാനും നീക്കമുണ്ട്. വായ്പാത്തുക മൊത്തം ചെലവഴിക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് നീട്ടണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക. കൂടുതൽ സാമ്പത്തിക സഹായവും ചോദിക്കും.
വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മാർച്ചിൽ തറക്കല്ലിടാനാണ് സർക്കാരിന്റെ തീരുമാനം. ഭൂമി ഏറ്റെടുക്കലിന് രണ്ട് ദിവസത്തിനുള്ളിൽ ഉത്തരവിറക്കും. കേന്ദ്രം വായ്പയായി അനുവദിച്ച 529.50 കോടി രൂപ മാർച്ച് 31നുള്ളിൽ ചെലവഴിക്കണമെന്ന് ഉപാധിയുള്ളതിനാൽ കഴിയുന്നത്ര നിർമ്മാണ പ്രവൃത്തികൾ അതിവേഗം തുടങ്ങാനാണ് തീരുമാനം. 16 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. ഇവയുടെ നിർമ്മാണം തുടങ്ങാൻ കാലതാമസമുണ്ടാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. സമയപരിധി കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ പദ്ധതികൾ തയ്യാറാക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |