ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപെട്ട് 18പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ദാരുണമായ അപകടം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവച്ച് ജോലി ചെയ്യുന്ന അമ്മയുടെ ദൃശ്യങ്ങളാണത്.
ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്തുവച്ച് റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുകയായിരുന്നു ആർപിഎഫ് വനിതാ കോൺസ്റ്റബിൾ. കയ്യിലൊരു ലാത്തിയുമുണ്ട്. സ്‌നേഹത്തിന്റെയും ഉറച്ച മനസിന്റെയും കാഴ്‌ചയാണിതെന്നാണ് കണ്ടുനിന്നവർ പറയുന്നത്. യാതൊരു ക്ഷീണവുമില്ലാതെ പുഞ്ചിരിച്ച മുഖവുമായാണ് യുവതി ജോലി ചെയ്യുന്നത്. മാതൃത്വത്തിനും ജോലിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ യുവതി എല്ലാവർക്കും പ്രചോദനമാണെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ പലരും കുറിച്ചിരിക്കുന്നത്.
'സല്യൂട്ട്, ഇതാണ് യഥാർത്ഥ പോരാളി, അമ്മയ്‌ക്കും പൊലീസുകാരിക്കും സല്യൂട്ട്, ശക്തയാണെങ്കിലും ദയയുള്ളവളാണ്, അഭിമാനം തോന്നുന്നു ', തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിട്ടുള്ളത്. റെയിൽവേ സ്റ്റേഷനിലെത്തിയ പലരും ഈ യുവതിയെ ശ്രദ്ധിക്കുന്നത് വീഡിയോയിൽ കാണാം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധിപേരാണ് ഈ വീഡിയോ കണ്ടത്. ധാരാളംപേർ വീഡിയോ ഷെയർ ചെയ്‌തിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |