ചേർത്തല : ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ രണ്ടു ചൈനീസ് പൗരൻമാർ കൂടി അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത തായ്‌വാനിൽ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ആലപ്പുഴയിൽ എത്തിച്ചു.
ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്താണ് ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടിയിലധികം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ജൂണിൽ നടന്ന തട്ടിപ്പിൽ അന്യ സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ അറസ്റ്റിലായിരുന്നു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെയാണ് ആദ്യം അറസ്റ്റു ചെയ്തത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്യ സംസ്ഥാനക്കാരനായ ഭഗവാൻ റാമിനെയും പിന്നാലെ നിർമൽ ജെയിനെയും പിടികൂടി. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്നായിരുന്നു ചൈനീസ് പൗരന്മാർക്കായുള്ള അന്വേഷണം. പ്രതികളെ നാളെ ചേർത്തല കോടതിയിൽ ഹാജരാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |