അങ്കമാലി: ഒരു കാലത്ത് ലഹരിമരുന്ന് വില്പന വലിയതോതിൽ നടമാടിയിരുന്ന കേന്ദ്രമായിരുന്നു അങ്കമാലി. അപ്പാനി രവിയെന്ന ഹോൾസെയിൽ കഞ്ചാവു കച്ചവടക്കാരന്റെ താവളമായിരുന്നു ഇവിടം. (ഹിറ്റ് ചിത്രമായ 'അങ്കമാലി ഡയറീസ്' സിനിമയിലെ ഒരു കഥാപാത്രത്തിന് പേര് ലഭിച്ചത് ഇതിൽ നിന്നാണ്).
ഇടുക്കിയിൽ നിന്ന് മൊത്തമായി കഞ്ചാവെത്തിച്ച് അങ്കമാലിയിലെ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്നവർക്ക് ചില്ലറ വില്പന നടത്തുന്നതായിരുന്നു രീതി. അപ്പാനിക്ക് ശേഷം ഏറെക്കാലം അങ്കമാലിയിലെ മയക്കുമരുന്ന് കച്ചവടം ഒരു പരിധി വരെ കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ 15വർഷമായി കഞ്ചാവും രാസ മയക്കുമരുന്നു കച്ചവടവും തലപൊക്കുന്നുണ്ട്. പൊലീസും എക്സൈസും പുലർത്തുന്ന ജാഗ്രതയാണ് സ്ഥിതി ഗുരുതരമാകാതിരിക്കാൻ സഹായിക്കുന്നത്.
അധികൃതർ ജാഗ്രതയിൽ
രാസലഹരിയുമായി മഞ്ഞപ്രയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ 16 വയസുള്ള വിദ്യാർത്ഥിയെ തുറവൂരിൽ നിന്നും കഴിഞ്ഞ മാസം കഞ്ചാവുമായി അങ്കമാലി എക്സൈസ് പാർട്ടി പിടികൂടിയിരുന്നു. വിദ്യാർത്ഥി സ്വയം ഉപയോഗിക്കുക മാത്രമല്ല വില്പനയും ഉണ്ടായിരുന്നു. പെൺകുട്ടികളും ഇരകളായിരുന്നു. ജുവൈനൽ കോടതിയിൽ ഹാജരാക്കിയ വിദ്യാർത്ഥി ഇപ്പോൾ ജാമ്യത്തിലാണ്. കഴിഞ്ഞ ദിവസം കോടിശ്ശേരി പാടത്ത് നിന്നും കഞ്ചാവും എം.ഡി.എം.എ യുമായി 2 യുവാക്കൾ എക്സൈസ് പിടിയിലായി. ഇതിലൊരാൾ ഐ.ഇ.എൽ.ടി.എസ് പാസായി വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്.
അങ്കമാലി എക്സൈസ് കഴിഞ്ഞ വർഷം 46കേസുകളെടുത്തു. അതിൽ കോടികൾ വിലയുള്ള മയക്കുമരുന്നുമായി പിടികൂടിയ അഞ്ചു കേസുകളുണ്ടായിരുന്നു. ഈ വർഷം 2 മാസത്തിനിടയിൽ ബ്രൗൺഷുഗർ ഉൾപ്പെടെ 9കേസുകൾ എടുത്തതായി എക്സൈസ് ഓഫീസിൽ നിന്നറിയിച്ചു. പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഹോട്ട് സ്പോട്ടുകൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെക്കുള്ള ഇടവഴികൾ പലതും സായാഹ്നങ്ങളിൽ മയക്കുമരുന്നു കച്ചവടക്കാരുടെ കൈമാറ്റ ഇടമാണ്. ബൈക്കിലെത്തുന്ന വിദ്യാർത്ഥികളാണ് ഉപഭോക്താക്കൾ.
ആളൊഴിഞ്ഞ പഴയ കരയാംപറമ്പ് പാലവും കോതകുളങ്ങര അടിപ്പാതയും പരിസരവും വലിയ തോതിൽ മൊത്തവ്യാപാരം നടക്കുന്ന ഇടമാണ്.
ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പഴയ മാർക്കറ്റിലെ രണ്ടു നില കെട്ടിടം മയക്കുമരുന്നു വില്പനകേന്ദ്രമാണെന്ന ആരോപണമുണ്ട്. സന്ധ്യയായാൽ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി എത്തി മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നുണ്ടെന്നാണ് പരാതി.
ടൗണിൽ കുന്നു ഭാഗത്തും പ്രാന്തപ്രദേശങ്ങളായ തുറവൂറും മഞ്ഞപ്രയുമാണ് അധികൃതർ ശ്രദ്ധിക്കേണ്ട ഹോട്സ്പോട്ടുകൾ.
വിദ്യാലയങ്ങളിലെ പി.ടി.എയും ഗ്രന്ഥശാലാ സംഘങ്ങളുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ചില കേന്ദ്രങ്ങളിൽ പൊലീസുമായി ചേർന്ന് മിന്നൽ പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ജോർജ്ജ് ജോസഫ്,
എക്സൈസ് ഇൻസ്പെക്ടർ അങ്കമാലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |