കൊച്ചി: നേരത്തെ നിർമ്മിച്ച ഘടകഭാഗങ്ങൾ സൈറ്റുകളിൽ എത്തിച്ച് അതിവേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുന്ന അത്യാധുനിക, ഹൈടെക്, പരിസ്ഥിതി സൗഹൃദ സംരംഭമായ യു സ്‌ഫിയറിന് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ് ) തുടക്കം കുറിച്ചു. മോഡുലാർ, സുസ്ഥിര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭാവി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. അഞ്ചുവർഷത്തിനകം 1,000 ജീവനക്കാരെ നിയമിക്കും. അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യം, വ്യവസായം എന്നീ മേഖലകളിലെ നിർമ്മാണങ്ങളിലൂടെ 2,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. കാര്യക്ഷമത വർദ്ധിപ്പിക്കാനും നിർമ്മാണവേഗത മെച്ചപ്പെടുത്താനും വിഭവ വിനിയോഗം ഫലപ്രദമാക്കുന്നതിനും എ.ഐ അധിഷ്ഠിത വിശകലനം, ഇന്റർനെറ്റ് ഒഫ് തിംഗ്സ് നിരീക്ഷണം, ഡിജിറ്റൽ പ്രോജക്‌ട് മാനേജ്‌മെന്റ് എന്നിവ യു സ്‌ഫിയർ സംയോജിപ്പിക്കും.
യുസ്‌ഫിയറിലൂടെ സ്മാർട്ട്, സുസ്ഥിര, ഹൈടെക് നിർമ്മാണത്തിന്റെ പുതിയ യുഗത്തിലേക്ക് ഊരാളുങ്കലിന് പാരമ്പര്യത്തെ എത്തിക്കും. വേഗത, പുതുമ, പരിസ്ഥിതി സാമൂഹിക സർക്കാർ മാർഗനിർദ്ദേശങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും. നിർമ്മാണ മേഖലയിലെ സമ്പൂർണ സേവനദാതാവായി യു സ്‌ഫിയറിനെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ഫാരിസ് എ. റസാഖ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അരുൺ ബാബു, മാനേജിംഗ് ഡയറക്ടർ എസ്. ഷാജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |