കൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിലെ ആദ്യ ദിനത്തിൽ സമുദ്രാധിഷ്‌ഠിത വ്യവസായങ്ങളുടെയും സാങ്കേതികവിദ്യയുടെയും വികസന സാദ്ധ്യതകൾ ചർച്ച ചെയ്യുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 21ന് ദ്വിദിന ഉച്ചകോടിക്ക് തുടക്കമാകും.
വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ(കെ.എസ്.ഐ.ഡി.സി) സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ
ആഗോള വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുമടക്കം 2,500 പ്രതിനിധികൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
ചർച്ചചെയ്യുന്ന വിഷയങ്ങൾ
സുസ്ഥിര സാങ്കേതികവിദ്യകൾ, തന്ത്രപ്രധാന വ്യവസായങ്ങൾ, ആരോഗ്യമേഖലയിലെ നവീകരണം, ഫിൻടെക്, മാരിടൈം മേഖലയിലെ സാദ്ധ്യതകൾ എന്നിവ ചർച്ച ചെയ്യും. കപ്പൽ നിർമ്മാണം, പ്രാദേശിക തൊഴിലവസരങ്ങളും നൈപുണ്യവും വർധിപ്പിക്കൽ, നിക്ഷേപം ആകർഷിക്കൽ, പ്രാദേശിക സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കൽ, സർക്കാർ ആനുകൂല്യങ്ങൾ ആകർഷിക്കൽ,
ചെറിയ ബോട്ടുകളുടെയും വലിയ ഇലക്ട്രിക് കപ്പലുകളുടെയും നിർമ്മാണം തുടങ്ങിയ സാദ്ധ്യതകളും പരിശോധിക്കും.
'' ആഗോള രംഗത്ത് ശ്രദ്ധ നേടുന്ന വിഴിഞ്ഞം തുറമുഖം കണക്കിലെടുത്ത് മാരിടൈം മേഖലയെ സംബന്ധിച്ച സെഷൻ ഏറെ പ്രധാനമാണ്. ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവ് മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്. നിക്ഷേപം ആകർഷിക്കുന്നതിന് പുറമേ, എ.ഐ, റോബോട്ടിക്‌സ് എന്നിവ ഉപയോഗിച്ച് കപ്പൽ നിർമ്മാണത്തിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയർത്താനുമുളള സാദ്ധ്യതകളും ചർച്ച ചെയ്യും''
: മന്ത്രി പി.രാജീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |