കൊച്ചി: പകുതിവില തട്ടിപ്പുകേസിൽ കെ.എൻ. ആനന്ദകുമാറിനെ വൈകാതെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. എൻ.ജി.ഒ കോൺഫെഡറേഷൻ മുൻ ചെയർമാനും സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാനുമായ ആനന്ദകുമാറിന് രണ്ടു കോടി രൂപ കൈമാറിയെന്നും തട്ടിപ്പിന്റെ സൂത്രധാരൻ അദ്ദേഹമാണെന്നും മുഖ്യപ്രതി അനന്തുകൃഷ്ണൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. ഇതേ മൊഴിയാണ് പൊലീസിനും നൽകിയിട്ടുള്ളത്.
ആനന്ദകുമാർ ചെയർമാനായി രൂപീകരിച്ച കോൺഫെഡറേഷന്റെ ബൈലായിൽ, സ്‌കൂട്ടറും തയ്യൽമെഷീനും മറ്റും പകുതി വിലയ്‌ക്ക് നൽകണമെന്നും വിതരണച്ചുമതല അനന്തുകൃഷ്ണനാണെന്നും വ്യക്തമാക്കുന്നുണ്ട്. ബൈലാ പൊലീസ് കണ്ടെടുത്തതോടെയാണ് ആനന്ദകുമാർ വെട്ടിലായത്.
ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണയിലാണ്. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യാൻ വിളിപ്പിക്കാത്തതെന്നും എന്നാൽ നടപടി അധികം വൈകിക്കേണ്ടതില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
അനന്തുകൃഷ്ണന്റെയും എൻ.ജി.ഒ കോൺഫെഡറേഷന്റെയും സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ. സോജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കടവന്ത്രയിലെ സോഷ്യൽ ബി വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിലാണ് അനന്തുകൃഷ്ണനെതിരെ ഏറ്റവുമധികം തെളിവുകൾ ഉള്ളതെന്നാണ് നിഗമനം. ഇവിടെ ഇന്നലെ വീണ്ടും പരിശോധന നടത്തി. പരിശോധനയ്ക്ക് ഇ.ഡി ഉദ്യോഗസ്ഥരും എത്തിയിരുന്നെങ്കിലും വാറണ്ടുമായി ക്രൈംബ്രാഞ്ച് റെയ്ഡ് നടക്കുന്നതിനാൽ പിൻവാങ്ങി. കടവന്ത്രയിലെ ഓഫീസിൽ നിരവധി രേഖകൾ ഉണ്ടെന്നും പരിശോധന പൂർത്തിയാകാൻ സമയമെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |