കൊച്ചി: കൊച്ചിയിൽ സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ കാണാതായ 12കാരിയെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് സമീപത്തെ രണ്ടാം ഗോശ്രീ പാലത്തിനടുത്തുവച്ചാണ് കുട്ടിയെ കണ്ടെത്തിയത്. എ,സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.
വടുതല സ്വദേശിയായ എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ഇന്ന് വൈകിട്ട് അഞ്ചോടെയാണ് കാണാതായത്. ടെർമിനൽ ഡ്രൈവറായ ഞാറയ്ക്കൽ സ്വദേശി ജോർജു ജോയി പാലത്തിന് സമീപത്ത് കുട്ടിയെ കണ്ടതോടെ തടഞ്ഞുനിറുത്തി സംസാരിച്ചശേഷം മുളവുകാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കുട്ടിയുടെ മാതാവും പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നു.
അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്കൂളിൽ പോയത്. ഈ ഫോൺ സ്കൂളിൽ പിടിച്ചെടുത്തു. ഇക്കാര്യം അധികൃതർ വീട്ടിൽ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്നുള്ള മനോവിഷമത്തിൽ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ വീട്ടിൽ പോയെന്ന് കുട്ടി പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. സാധാരണ മടങ്ങിയെത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതോടെ രക്ഷിതാക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. പിന്നീട് എളമക്കര പൊലീസിൽ പരാതി നൽകി. സ്കൂൾ യൂണിഫോമും ബാഗും ധരിച്ച് സൈക്കിളിൽ കുട്ടി പോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സ്കൂൾ വിട്ട് കുട്ടി സൈക്കിളിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |