തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് കരാർ ജോലികളുടെ അടങ്കൽത്തുക കൂട്ടിയത് 2021ലെ ഡി.എസ്.ആർ നിരക്കനുസരിച്ച്. കേന്ദ്ര സർക്കാർ 2024ലെ ഡി.എസ്.ആർ നിരക്ക് നൽകുമ്പോഴാണ് സംസ്ഥാനത്തിന്റെ പിന്നാക്കം പോക്ക്. ഇതുകാരണം അടിസ്ഥാന വികസനം പ്രതിസന്ധിയിലാകുമെന്നും ആശങ്കയുണ്ട്.
ഡൽഹി ഷെഡ്യൂൾ റേറ്റ് (ഡി.എസ്.ആർ) പ്രകാരമാണ് സംസ്ഥാനത്ത് അടങ്കൽ തുക നിശ്ചയിക്കുന്നത്. കൂട്ടിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും. നിലവിൽ 2018ലെ ഡി.എസ്.ആറാണ് സംസ്ഥാനം നൽകുന്നത്. വർഷവും ഡി.എസ്.ആർ നിരക്ക് കേന്ദ്രം പുതുക്കാറുണ്ട്. എന്നാൽ സംസ്ഥാനം അത് നൽകാറില്ല. രാജ്യത്ത് കുറവ് പൊതുമരാമത്ത് അടങ്കലുള്ളത് കേരളത്തിലാണ്. സിമന്റ്, ടാർ, ബിറ്റുമിൻ, കമ്പി തുടങ്ങി റോഡ് - കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലയാണ് ഡി.എസ്.ആർ നിരക്കിലുണ്ടാകുക.
നിർമ്മാണ സാമഗ്രികളുടെ ഒന്നര ഇരട്ടിയിലേറെ കൂടിയിട്ടും പഴയ നിരക്ക് നൽകുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്ന് പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്ന് 2024ലെ ഡി.എസ്.ആർ നിരക്ക് നൽകണമെന്ന് തദ്ദേശ സ്ഥാപനങ്ങളും കാരാറുകാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക ബാദ്ധ്യത ഭയന്നാണ് 2021ലെ നിരക്ക് ധനവകുപ്പ് നിശ്ചയിച്ചത്. കെട്ടിടം, റോഡ്, പാലം തുടങ്ങിയവയുടെ ടെൻഡർ വിളിക്കുമ്പോൾ നിർമ്മാണസാമഗ്രികളുടെ വില കൂടി കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്.
2013 വരെ വിപണി വില അടിസ്ഥാനമാക്കിയായിരുന്നു കേരളത്തിൽ കെ.എസ്.ആർ നിരക്ക്. അതത് വർഷത്തെ നിരക്ക് നൽകണമെന്ന ഉറപ്പ് സർക്കാർ പാലിക്കുന്നില്ലെന്നാണ് കരാറുകാരുടെ പരാതി. കെ.എസ്.ആർ നിരക്കിലേക്ക് മാറാൻ പൊതുമരാമത്ത് വകുപ്പ് നിലപാടെടുത്തെങ്കിലും ധനവകുപ്പ് വഴങ്ങിയില്ല.
11,000 രൂപയുടെ ടാറിന് 6,500
2018ലെ ഡി.എസ്.ആർ പ്രകാരം ഒരു വീപ്പ ടാറിന് കേരളം നൽകുന്നത്- 6,500 രൂപ
2021ലെ ഡി.എസ്.ആർ ആക്കുമ്പോൾ ടാർ വില- 8,000
എണ്ണക്കമ്പനികൾ ഈടാക്കുന്നത്- 11,000
തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങൾ നൽകുന്നത് വിപണി വില
'2025ലെ കെ.എസ്.ആർ നടപ്പാക്കാനാണ് പൊതുമരാമത്ത് വകുപ്പും കരാറുകാരും തമ്മിൽ ധാരണയായത്. അതാണ് അട്ടിമറിച്ചത്. ഇത് അടിസ്ഥാന സൗകര്യവികസനത്തെ പ്രതികൂലമായി ബാധിക്കും".
- വർഗ്ഗീസ് കണ്ണമ്പള്ളി,
കേരള ഗവ.കോൺട്രാക്ടേഴ്സ് അസോ. പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |