ആലപ്പുഴ: ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളെ കബളിപ്പിച്ച് ഏഴര കോടിയിലധികം രൂപ ഓൺലൈനിലൂടെ തട്ടിയ കേസിൽ മുഖ്യപ്രതികളായ രണ്ട് തായ്‌വാൻ സ്വദേശികൾ അറസ്റ്റിൽ. വാങ്ങ് ചുൻ വെൽ (സുമോക്ക, 26), ഷെൻ വെൽചുങ് (ക്രിഷ്, 35)
എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കേസാണിത്.
മറ്റൊരു കേസിൽ അഹമ്മദാബാദ് പൊലീസ് അറസ്റ്റുചെയ്ത പ്രതികൾ ഗുജറാത്ത് സബർമതി സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു. ചേർത്തല കുറത്തികാട് പൊലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിൽ വാങ്ങി ഇന്നലെ വൈകിട്ട് ആലപ്പുഴയിലെത്തിച്ചു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ്, അന്യസംസ്ഥാനക്കാരായ ഭഗവാൻ റാം, നിർമൽ ജെയിൻ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. തുടർന്നാണ് തായ്‌വാൻ സ്വദേശികളെക്കുറിച്ച് വിവരം ലഭിച്ചത്.
ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്ത് 2023- 2024 കാലയളവിലാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടറുടേയും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഭാര്യയുടേയും പണം തട്ടിയത്. കഴിഞ്ഞ ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്യുകയാണ്.
തട്ടിപ്പിന്റെ വഴി
ഇൻവെസ്കോ ക്യാപ്പിറ്റൽ, ഗോൾഡ്മാൻസ് സാഷ്സ് കമ്പനികളിലെ ഓഹരിനിക്ഷേപത്തിന് പ്രതികൾ ഡോക്ടർ ദമ്പതികൾക്ക് ഉയർന്ന ലാഭം വാഗ്ദാനം ചെയ്തു
2024 ജനുവരി 13 മുതൽ മാർച്ച് അഞ്ചുവരെയുള്ള കാലയളവിൽ 4,75,70,000 രൂപ ഓൺലൈൻ ട്രാൻസാക്ഷനിലൂടെ നിക്ഷേപമെന്ന പേരിൽ ഡോക്ടർ ദമ്പതികളിൽ നിന്ന് കൈക്കലാക്കി. പിന്നീട് ഇരുവരുടേയും ജോയിന്റ് അക്കൗണ്ടിൽ നിന്ന് 2,89,30,000 രൂപയും വാങ്ങി
നിക്ഷേപ ലാഭവും ചേർത്ത് 39,72,85,929 രൂപ ഡോക്ടർദമ്പതികളുടെ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചു. ഏഴരക്കോടിയുടെ നിക്ഷേപം 15 കോടിയാക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു
ഇത് നിരസിച്ചതോടെ നിക്ഷേപിച്ച തുക തിരികെ കിട്ടണമെങ്കിൽ രണ്ടുകോടി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |