ലക്‌നൗ: നാല് വയസുകാരി വരച്ച ചിത്രം. യുവതിയുടെ മരണം ആത്മഹത്യയാണെന്നു കരുതിയ പൊലീസിന് അതുകണ്ടതോടെ സംശയം. ഒടുവിൽ മരണത്തിൽ അന്വേഷണം. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടാണ് സൊനാലി ബുധോലിയയെ (27) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവരുടെ മകൾ ദർശിത വരച്ച ചിത്രം കണ്ടതോടെ പൊലീസിന് സംശയുമുണ്ടായി.
സ്ത്രീയെ ഒരാൾ ഉപദ്രവിക്കുന്നതാണ് കുട്ടി നോട്ട്ബുക്കിൽ വരച്ചത്. പപ്പ മമ്മിയെ കൊലപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞതായും പൊലീസ് പറയുന്നു.യുവതിയെ ഭർത്താവ് കൊന്ന് ആത്മഹത്യയാണെന്ന് വരുത്തി തീർത്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. മകളെ പലപ്പോഴും സന്ദീപ് ഉപദ്രവിച്ചിരുന്നതായി സൊനാലിയുടെ പിതാവും പൊലീസിന് മൊഴി നൽകി.
മെഡിക്കൽ രംഗത്താണ് സൊനാലിയുടെ ഭർത്താവ് സന്ദീപ് ജോലി ചെയ്യുന്നത്. 2019ലാണ് ഇരുവരും വിവാഹിതരാകുന്നത്. 20 ലക്ഷം രൂപ സ്ത്രീധമായി നൽകിയിരുന്നു. വിവാഹശേഷവും സന്ദീപ് പല ആവശ്യങ്ങളുമുന്നയിച്ച് ബുദ്ധിമുട്ടിച്ചു. ഒരു കാർ വാങ്ങാൻ പണം വേണമെന്ന് ആവശ്യപ്പെട്ട് സൊനാലിയെ സമ്മർദ്ദത്തിലാക്കി. എന്നാൽ അത്രയും പണം കൈവശമില്ലെന്ന് പറഞ്ഞതായി സൊനാലിയുടെ പിതാവ് പറയുന്നു. എന്നാൽ ഇതിന് പിന്നാലെ അയാൾ മകളെ ഉപദ്രവിച്ചു. പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. പെൺകുഞ്ഞ് പിറന്നതിലും സന്ദീപ് മകളെ ഉപദ്രവിച്ചിരുന്നു.- പിതാവ് പറഞ്ഞു.
തിങ്കളാഴ്ച മകളുടെ ആരോഗ്യം മോശമാണെന്ന് പറഞ്ഞാണ് ഫോൺ കാൾ വന്നത്. കുറച്ച് സമയത്തിന് ശേഷം അവൾ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞ് മറ്റൊരു കാൾ ലഭിച്ചു. അവിടെ എത്തിയപ്പോൾ മകളെ മരിച്ച നിലയിലാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സൊനാലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |