കൊല്ലം: പകൽച്ചൂടിന്റെ കാഠിന്യമില്ലാത്ത ക്ളാസ് മുറി, വൈദ്യുതി ബൾബുകളുടെ പ്രകാശത്തിൽ കുട്ടികളുടെ മുഖത്ത് പ്രസന്നത. റിസോഴ്സ് ഗ്രൂപ്പിൽ നിന്നെത്തിയ അനിത ക്ളാസ് തുടരുന്നു.
"പ്രകാശം ഒരു മാദ്ധ്യമത്തിൽ നിന്ന് മറ്റൊരു മാദ്ധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ വേഗത മാറുകയും യഥാർത്ഥ പാതയിൽ നിന്ന് വളയുകയും ചെയ്യുന്നു." പറഞ്ഞു നിർത്തും മുന്നേ അപ്രതീക്ഷിത അതിഥി ക്ളാസ് മുറിയിലേക്ക്. കൂടെ പ്രഥമാദ്ധ്യാപികയും പി.ടി.എ ഭാരവാഹികളും സഹ അദ്ധ്യാപകരും. അതിഥി മറ്റാരുമല്ല, മന്ത്രി കെ.എൻ.ബാലഗോപാൽ. പുത്തൂരിൽ ഒരു പൊതു ചടങ്ങിനെത്തിയപ്പോൾ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ളാസ് കുട്ടികൾക്കായി നൈറ്റ് ക്ളാസ് നടത്തുന്നുവെന്നറിഞ്ഞാണ് മന്ത്രി എത്തിയത്.
ക്ളാസ് മുറിയിൽ കുട്ടികളോടും അദ്ധ്യാപകരോടും പഠന വിശേഷങ്ങൾ തിരക്കി. പത്താം ക്ളാസ് പരീക്ഷയുടെ പ്രാധാന്യം മനസിലാക്കി. മന്ത്രിയായല്ല, പ്ളസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടിയുടെ രക്ഷകർത്താവാണെന്ന് പറഞ്ഞുകൊണ്ടാണ് ബാലഗോപാൽ കുട്ടികളെ കൈയിലെടുത്തത്. രാത്രി എട്ടോടെ സ്കൂളിലെത്തിയ മന്ത്രി മൂന്ന് ക്ളാസ് മുറികളിലുമെത്തി കുട്ടികളുമായി സംവദിച്ചു. മാസങ്ങൾക്ക് മുമ്പ് ഇതേ സ്കൂളിൽ അപ്രതീക്ഷിതമായെത്തിയ മന്ത്രി കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കാളിയായിരുന്നു.
നൈറ്റ് ക്ളാസിൽ 206 കുട്ടികൾ
പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ നൈറ്റ് ക്ളാസിൽ 206 കുട്ടികളാണ് പങ്കെടുക്കുന്നത്. മൂന്ന് വിശാലമായ മുറികളിലായിട്ടാണ് ക്ളാസുകൾ. സ്കൂളിലെ അദ്ധ്യാപകർക്ക് പുറമെ റിസോഴ്സ് ഗ്രൂപ്പിൽ നിന്നുള്ള അദ്ധ്യാപകരും ക്ളാസെടുക്കുന്നുണ്ട്. ജനുവരി 25ന് തുടങ്ങിയ ക്ളാസുകൾ വലിയതോതിൽ പ്രയോജനപ്പെടുന്നതായി കുട്ടികളും പറയുന്നു.
മികച്ച പരിശീലനമാണ് നൽകുന്നത്. ഒരു ട്യൂഷൻ ക്ളാസിനും കുട്ടികൾക്ക് പോകേണ്ടതില്ല. പരീക്ഷയ്ക്കായി ഇതിനപ്പുറം ഒരു പരിശീലനം നൽകേണ്ടതില്ല.
എസ്.ലിനി, എച്ച്.എം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |