പൂവാർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ കപ്പൽ നിർമ്മാണശാല നിർമ്മിക്കുന്നത് സംബന്ധിച്ച സൂചനകൾ സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി നൽകിയതോടെ പൂവാറിൽ കപ്പൽ നിർമ്മാണശാല യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. 2007ൽ തുടക്കമിട്ട കപ്പൽ നിർമ്മാണശാല പദ്ധതി വിവിധ കാരണങ്ങളാൽ എങ്ങുമെത്താതെ നിന്നു പോവുകയായിരുന്നു.
വിഴിഞ്ഞം ഹാർബർ നിർമ്മാണം പൂർത്തിയാവുന്നതോടെ തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകളുടെയും വൻകിട കപ്പലുകളുടെയും അറ്റകുറ്റപ്പണികൾക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. സ്ഥിതി ഇതായിരിക്കെ 2013ൽ കപ്പൽ നിർമ്മാണശാല സ്ഥാപിക്കുന്നതിനായി സാദ്ധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡിനെ ചുമതലപ്പെടുത്തിയെന്ന് അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
കേന്ദ്ര ഫിഷിംഗ് മന്ത്രാലയവും കൊച്ചിൻ ഷിപ്പ്‌യാർഡും നടത്തിയ പഠനങ്ങൾ പൂവാർ തീരത്തിന്റെ അനന്ത സാദ്ധ്യതകളെ കണ്ടെത്തിയിരുന്നു.
അന്താരാഷ്ട്ര കപ്പൽ നിർമ്മാണശാല പൂവാറിൽ പ്രാവർത്തികമായാൽ നികുതി ഇനത്തിലും മറ്റുമുള്ള കോടികളുടെ വരുമാനം രാജ്യത്തിന് നേട്ടമാകും. കൂടാതെ നിരവധി തൊഴിലവസരങ്ങളുമുണ്ടാകും.
പൂവാർ ഏഷ്യയുടെ കവാടമാകുമോ?
ലോക രാജ്യങ്ങൾക്കിടയിൽ ഏതൻസിനും സിംഗപ്പൂരിനുമിടയ്ക്ക് അന്താരാഷ്ട്ര കപ്പൽ പാതയിൽ വേറെ കപ്പൽ നിർമ്മാണശാലയില്ലാത്തതിനാൽ ഏഷ്യയുടെ കവാടമായി പൂവാർ മാറുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കൊച്ചിൻ ഷിപ്പ്‌യാർടിന്റെ പഠന റിപ്പോർട്ട് പ്രകാരം കേരളതീരത്ത് അനുയോജ്യമായ സ്ഥലങ്ങൾ മുൻഗണനാക്രമത്തിൽ പൂവാർ, വിഴിഞ്ഞം അഴീക്കൽ എന്നിങ്ങനെയാണ്. രാജ്യത്തിന്റെ വിവിധ കടൽത്തീരങ്ങളുടെ പരിശോധനകളിൽ കടലിന്റെ ആഴക്കൂടുതൽ അനുകൂല ഘടകമാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കരയിലും കടലിലും നടത്തിയ പഠനങ്ങളിൽ പറയുന്നത് പൂവാറിന് പകരംവയ്ക്കാവുന്ന മറ്റൊരിടം രാജ്യത്തില്ലെന്നാണ്.
അനുകൂല ഘടകങ്ങളേറെ
പൂവാർ തീരത്തോട് ചേർന്നുള്ള കടലിന് 24 മുതൽ 30വരെ മീറ്റർ സ്വാഭാവികമായ ആഴമുണ്ട്. കൂടാതെ വർഷം മുഴുവൻ കപ്പലുകൾക്ക് വന്നുപോകാൻ കഴിയുംവിധം വേലിയേറ്റ, വേലിയിറക്ക അനുപാതം വളരെ കുറവാണ്.പൂവാറിൽ കപ്പൽ നിർമ്മാണശാല നടപ്പാക്കിയാൽ ഏകദേശം ഒന്നരക്കിലോമീറ്റർ ദൂരം കുടിയൊഴിപ്പിക്കലില്ലാതെ നിർമ്മാണത്തിന് അനുയോജ്യമായ ആഴക്കടലുള്ള തീരവും പൂവാറിലുണ്ട്. നിർമ്മാണ, അറ്റകുറ്റപ്പണിക്ക് ശേഷിയുള്ള പരിശോധനാകേന്ദ്രം വിഴിഞ്ഞത്തിന് സമീപത്തുണ്ടെന്നതും അനുകൂല ഘടകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |