തൃശൂർ: മയക്കുവെടികൊണ്ട കാട്ടുകൊമ്പനെ അനിമൽ ആംബുലൻസിലേക്ക് മാറ്റി. വണ്ടി കോടനാട്ടേക്ക് പുറപ്പെട്ടു. ഇതോടെ ആനയ്ക്ക് ചികിത്സ നൽകാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. മയക്കുവെടിയേറ്റതിന് പിന്നാലെ ആന നിലത്തുവീണിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകി. മസ്തകത്തിലെ മുറിവിൽ ഡോക്ടർമാർ മരുന്നുവച്ചു.
ആന്റിബയോട്ടിക്കുകൾ അടക്കം നൽകിയതിന് ശേഷം കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ എഴുന്നേൽപ്പിച്ചത്. പിന്നാലെ ആംബുലൻസിൽ കയറ്റി കോടനാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെയെത്തിയ ശേഷം തുടർ ചികിത്സ നൽകും.
രാവിലെ 7.15 ഓടെയാണ് അതിരപ്പള്ളിയിൽ ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. വെറ്റിലപ്പാറ പുഴയോട് ചേർന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. മയക്കുവെടിയേൽക്കും മുൻപ് കൂടെയുണ്ടായിരുന്നു ഗണപതി എന്ന മറ്റൊരു കാട്ടാന കൊമ്പനെ കുത്തിമറിച്ചിട്ടിരുന്നു. വെടിവച്ച് ഭയപ്പെടുത്തിയാണ് ഗണപതിയെ തുരത്തിയത്.
ഡോ. അരുൺ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനെത്തിയത്. ഉദ്യോഗസ്ഥർ അഞ്ച് ടീമുകളായി തിരിഞ്ഞായിരുന്നു ദൗത്യം. ട്രാക്കിംഗ്, സപ്പോർട്ടിംഗ്, ഡാർട്ടിംഗ്, കുങ്കി, ട്രാൻസ്‌പോർട്ടേഷൻ എന്നിങ്ങനെയാണ് ടീമുകളെ തരം തിരിച്ചത്. പ്ലാന്റേഷൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ടു തുടങ്ങിയത്. 24 ന് ആനയെ പിടികൂടി ചികിത്സ നൽകിയിരുന്നു. എന്നാൽ പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തുടരാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |