ഇടുക്കി: മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ചില്ല് തകർന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റ പണികൾക്കായി വർക്ക് ഷോപ്പിലേക്ക് കയറ്റുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് ചില്ല് തകർന്നതെന്ന് കെഎസ്‌ആർടിസി അധികൃതർ പറഞ്ഞു. സംഭവത്തിൽ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊട്ടിയ ചില്ല് ഇന്നുതന്നെ മാറ്റുമെന്നും കെഎസ്‌ആർടിസി അധികൃതർ പറഞ്ഞു.
കെഎസ്‌ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ 'കെഎസ്‌ആർടിസി റോയൽ വ്യൂ ' പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. കെഎസ്‌ആർടിസിയുടെ ആർഎൻ 765 (കെഎൽ 15 9050) ഡബിൾ ഡക്കർ ബസാണ് മൂന്നാറിൽ സർവീസ് നടത്തുന്നത്. ഈ ബസിന്റെ മുകൾ നിലയിലെ മുൻഭാഗത്തെ ചില്ലാണിപ്പോൾ തകർന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദ സഞ്ചാരികൾക്കായി കെഎസ്‌ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ സർവീസ് ആരംഭിച്ചത്. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറാണ് ഉദ്‌ഘാടനം ചെയ്‌തത്. ബസിൽ വച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്നും രാത്രിയിൽ ഈ ബസ് സർവീസ് നടത്തുന്നില്ലെന്നും കെബി ഗണേശ് കുമാർ അന്ന് പറഞ്ഞിരുന്നു. ലൈറ്റ് ഇടേണ്ടെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. നിയമം ലംഘിച്ച് കെഎസ്‌ആർടിസി ബസിൽ അലങ്കാര ലൈറ്റുകൾ വച്ചിരിക്കുന്നുവെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |