പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മയുടെ 'സാരി ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവയ്ക്കുകയാണ് ആരാധ്യ ദേവി എന്ന മലയാളി. ശ്രീലക്ഷ്മി സതീഷ് എന്ന പേര് മാറ്റിയാണ് നടി ആരാധ്യ ദേവി എന്ന പേര് സ്വീകരിച്ചത്. ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് ആരാധ്യ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ 'സാരി 'യിൽ ഗ്ലാമർ ലുക്കിലുള്ള നടിയുടെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞതിൽ പശ്ചാത്താപമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ.
'ആ ഒരു സമയത്ത് പറഞ്ഞ വാക്കുകളിൽ പശ്ചാത്താപമില്ല. കാരണം അതിൽ പ്രതിഫലിച്ചത് അന്നത്തെ എന്റെ ഫീലിംഗ്സാണ്. ആ ഒരു സമയത്തെ എന്റെ സാഹചര്യം വ്യത്യസ്തമായിരുന്നു. അന്ന് ഞാൻ പറഞ്ഞിരുന്നു ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന്. പക്ഷേ വൈവിധ്യമാർന്ന കഥാപാത്രങ്ങളായിരിക്കും ഒരു നടിയെന്ന നിലയിൽ നമ്മുടെ ക്രാഫ്റ്റുകൾക്ക് ഊർജം പകരുകയെന്നാണ് ഇപ്പോൾ ഞാൻ വിചാരിക്കുന്നത്.
അടുത്ത വീട്ടിലെ പെൺകുട്ടിയെപ്പോലെയൊരു കഥാപാത്രമാണ് ഞാൻ ചെയ്തത്. ഒട്ടും ഗ്ലാമറസല്ലാത്ത കഥാപാത്രമാണ്. എന്നാൽ അതിലെ വില്ലൻ കരുതുന്നത് ഇതൊരു സെക്സി ഗേളാണെന്നാണ്. അയാളുടെ ഫാന്റസിയാണ് ഗ്ലാമർ വേഷം. അതിനാൽത്തന്നെ ഞാൻ അന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് ഖേദിക്കുന്നില്ല. ഓരോ വ്യക്തിയെ സംബന്ധിച്ചും ഗ്ലാമർ എന്നത് വ്യത്യസ്തമാണ്. ചിലർക്ക് വസ്ത്രങ്ങളായിരിക്കാം, ചിലർക്ക് ഇമോഷൺ ആയിരിക്കാം. ഇന്ന് എന്നെ സംബന്ധിച്ച് ഗ്ലാമറിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. അന്നത്തെ ഇരുപത്തിരണ്ടുകാരിയായ എന്നെ ഭാവിയിൽ ഒരിക്കലും ഞാൻ കുറ്റം പറയില്ല. ഞാൻ എല്ലാ രീതിയിലുള്ള കഥാപാത്രവും ചെയ്യും.'- ആരാധ്യ പറഞ്ഞു.
എന്തുകൊണ്ടാണ് ശ്രീലക്ഷ്മി എന്ന പേര് മാറ്റിയതെന്നും ആരാധ്യ പറയുന്നുണ്ട്. 'എനിക്ക് ശ്രീലക്ഷ്മി എന്ന പേര് പണ്ടേ ഇഷ്ടമായിരുന്നില്ല. ഞാൻ കുറ്റമായിട്ട് പറയുകയല്ല. നമ്മളൊരു ക്ലാസിൽ പോയിക്കഴിഞ്ഞാൽ അഞ്ചോ ആറോ ശ്രീലക്ഷ്മിയുണ്ടായിരിക്കും. വ്യത്യസ്തമായ പേര് വേണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. എന്തിനാണ് ഈ പേരിട്ടതെന്ന് അച്ഛനമ്മമാരോട് എപ്പോഴും പറയുമായിരുന്നു. ഒരവസരം കിട്ടിയപ്പോൾ പേര് മാറ്റി.'- നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |