ന്യൂഡൽഹി: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദൻ. മലബാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവെ സഹമന്ത്രി വി സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം അഭ്യർത്ഥിച്ചത്.
മാർച്ച് 13നാണ് ആറ്റുകാൽ പൊങ്കാല. തലേദിവസമായ മാർച്ച് 12ന് കണ്ണൂർ - തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകൾ മെയിന്റനൻസ് വർക്ക് കാരണം സർവീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിൻ സർവീസ് നടത്തണമെന്നാണ് അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചത്. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഒഴുകിയെത്തും. ഇതിനാൽ സ്പെഷ്യൽ ട്രെയിനുകൾ അത്യാവശ്യമാണ്. സംസ്ഥാനത്തെ യാത്രാദുരിതം പരിഗണിച്ച് കൂടുതൽ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കണം. നിലവിലുള്ള ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, ആറ്റുകാൽ പൊങ്കാല ദിവസമായ മാർച്ച് 13ന് തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മാർച്ച് 5ന് രാവിലെ 10ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ.യാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകുന്നത്. 14ന് രാത്രി 10ന് കാപ്പഴിക്കുന്നതോടെ ഉത്സവം സമാപിക്കും. 13നാണ് പൊങ്കാല 5ന് വൈകിട്ട് 6ന് കലാപരിപാടികൾ ചലച്ചിത്രതാരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്യും. അഞ്ചാം ഉത്സവദിനമായ മാർച്ച് 9ന് നടൻ ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരി മേളം ക്ഷേത്രനടയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |